കുമരംപുത്തൂരിൽ കുടിവെള്ളം മുടങ്ങിയിട്ട് നാലുനാൾ
text_fieldsമണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് നാലുദിവസം. പമ്പിങ് സ്റ്റേഷനിലെ മോട്ടോറുകള്‍ കേടായതിനെത്തുടര്‍ന്നാണ് ജലവിതരണസംവിധാനം പാടെ നിലച്ചത്. ഇതോടെ പഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും ജനങ്ങളാണ് ബുദ്ധിമുട്ടിലായത്.
പഞ്ചായത്തില്‍ 2500ലധികം ഗുണഭോക്താക്കളാണ് കുടിവെള്ളവിതരണത്തെ ആശ്രയിക്കുന്നത്. കുന്തിപ്പുഴയുടെ തീരത്തുള്ള പമ്പിങ് സ്റ്റേഷനിലെ 30 എച്ച്.പിയുടെ മോട്ടോര്‍ ശനിയാഴ്ചയാണ് കേടായത്. അറ്റകുറ്റപ്പണി നടക്കുകയാണ്. ജലവിതരണം നടത്താന്‍ ഇനിയും രണ്ടുദിവസംകൂടിയെടുക്കുമെന്നാണ് അറിയുന്നത്. പഞ്ചായത്തിന്റെ ജലവിതരണത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.
വേനലിന്റെ തുടക്കത്തിലേ കിണറുകളിലെല്ലാം ജലനിരപ്പ് താഴ്ന്നതും തിരിച്ചടിയായി. സമീപപ്രദേശങ്ങളിലെ ജലസ്രോതസുകളില്‍നിന്നും മറ്റും വാഹനങ്ങളിലാണ് പലരും വെള്ളംകൊണ്ടുപോകുന്നത്. കുളിക്കാനും അലക്കാനും കുന്തിപ്പുഴയെ ആശ്രയിക്കുകയാണ് പലരും.
വട്ടമ്പലം, ചങ്ങലീരി, വെള്ളപ്പാടം എന്നിവിടങ്ങളിലുള്ള ജലസംഭരണികളില്‍നിന്നാണ് പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും ജലവിതരണം നടക്കുന്നത്. പമ്പിങിന് രണ്ട് മോട്ടോറുകള്‍ ഉണ്ടെങ്കിലും രണ്ടും കേടായതോടെയാണ് വിതരണം പാടെ നിലച്ചത്.
അറ്റകുറ്റപ്പണിക്കുശേഷം ജലവിതരണം ഉടന്‍ പൂര്‍വസ്ഥിതിയിലാക്കുമെന്നും പുതിയ മോട്ടോര്‍ വാങ്ങാൻ പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.