കെ.എസ്.ആര്.ടി.സി മണ്ണാര്‍ക്കാട് ഡിപ്പോയിൽ പുതിയ ബസുകള്‍ വരുമോ?
text_fieldsമണ്ണാര്‍ക്കാട്: പഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ക്കായി കാത്തിരിക്കുകയാണ് മണ്ണാര്‍ക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോ. കാലപ്പഴക്കമുള്ള ഓര്‍ഡിനറി ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ അനുവദിക്കണമെന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചെങ്കിലും ഇതുവരെയും പരിഹാര നടപടികളായിട്ടില്ല. നിലവിലെ സര്‍വിസുകള്‍ക്ക് തടസ്സങ്ങളില്ലാത്ത രീതിയില്‍ 61 കണ്ടക്ടര്‍മാരും 59 ഡ്രൈവര്‍മാരും ഡിപ്പോയിലുള്ളതാണ് ആശ്വാസകരമായിട്ടുള്ളത്. 32 ബസുകളാണ് ഡിപ്പോയിലുള്ളത്. ഇതില്‍ 11 ബസുകള്‍ 15 വര്‍ഷം കാലപ്പഴക്കംചെന്നവയാണ്.
ഡിപ്പോയില്‍ നിന്നുള്ള ഭൂരിഭാഗം സര്‍വിസുകളും മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ മലയോരമേഖലകളിലേക്കാണ്. ആകെയുള്ള 29 സര്‍വിസുകളില്‍ 23എണ്ണവും അട്ടപ്പാടിയിലേക്കാണ്. മറ്റുസാധാരണ സര്‍വിസുകളുള്ളത് എടത്തനാട്ടുകര, ഉപ്പുകുളം, തിരുവിഴാംകുന്ന്, അമ്പലപ്പാറ എന്നീ മലയോരമേഖലകളിലേക്കും കോങ്ങാട്, ഒറ്റപ്പാലം ഭാഗങ്ങളിലേക്കുമാണ്. തിരുവനന്തപുരം, കോയമ്പത്തൂര്‍, ആലപ്പുഴ ഭാഗങ്ങളിലേക്ക് ദീര്ഘദൂരസര്വിസുകളും ഡിപ്പോയില്നിന്നുണ്ട്. ഇതിനായി സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമുണ്ട്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് ഏഴു വര്‍ഷത്തോളം പഴക്കമുണ്ട്. മറ്റു ബസുകള്‍ക്ക് പത്ത് വര്‍ഷത്തോളവും പഴക്കം വരും. കാലപ്പഴക്കം ചെന്ന ബസുകളുപയോഗിച്ചുള്ള സര്‍വിസ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഡിപ്പോയിലുള്ളവര് പറയുന്നു. പ്രത്യേകിച്ചും അട്ടപ്പാടി ഭാഗത്തേക്കുള്ളതില്. മണ്ണാര്‍ക്കാടുനിന്നും കല്ക്കണ്ടിവഴി ജെല്ലിപ്പാറ, കോട്ടത്തറ, പുതൂര്‍ സ്വര്ണഗദ്ദയിലേക്കും ഗൂളിക്കടവ് ചിറ്റൂര്‍ ഷോളയൂരിലെ മൂലഗംഗലിലേക്കും രണ്ട് ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. അട്ടപ്പാടിയുടെ ഉള്‍പ്രദേശങ്ങളായ ഇവിടേക്ക് വലിപ്പംകുറഞ്ഞ ബസുകളാണ് സര്‍വിസ് നടത്തുന്നത്. വീതികുറഞ്ഞ റോഡുകളായതിനാലാണിത്.
നിലവിലുള്ള രണ്ടു ബസുകളും കാലപ്പഴക്കംചെന്നവയായതിനാലും റോഡിന്റെ തകര്‍ച്ച കാരണവും പലപ്പോഴും ബ്രേക്ക് ഡൗണായി കിടക്കുന്ന പ്രശ്നമുള്ളതായി അധികൃതര്‍ പറയുന്നു. പകരം ബസുകളെത്തിച്ച് സര്‍വിസ് നടത്തേണ്ട സാഹചര്യവും വരുന്നതായി അധികൃതര്‍ പറയുന്നു. ഈ സര്‍വിസുകള്‍ക്ക് പുതിയ ബസുകള്‍ അത്യാവശ്യമായിരിക്കുകയാണ്. അട്ടപ്പാടിയിലേക്ക് ചുരം വഴി വിദ്യാര്‍ഥികളും സാധാരണക്കാരായ ജനങ്ങളും കെ.എസ്.ആര്.ടി.സി സര്‍വിസുകളെ ആശ്രയിച്ച് യാത്ര നടത്തുന്നുണ്ട്. കാലപ്പഴക്കം ചെന്ന ബസുകള്‍ ചുരംവഴി യാത്ര നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗൂളിക്കടവിന് സമീപം പിന്‍ചക്രങ്ങള്‍ ഊരിമാറി കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.