കുതിപ്പ് കാത്ത് കുരുത്തിച്ചാൽ
text_fieldsമണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ പാത്രക്കടവ് കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പൊതുമരാമത്ത് മന്ത്രി ഇടപെട്ട് പദ്ധതി യാഥാർഥ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്ന് എന്‍. ഷംസുദ്ദീന് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. സഭയില്‍ ചോദ്യോത്തര വേളയിലാണ് എം.എല്‍എ ഇക്കാര്യം ഉന്നയിച്ചത്. ഗൗരവപൂര്‍വം പരിശോധിച്ച് ഇടപെടാമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. റിയാസ് മറുപടി നല്കി. ഇതോടെ കുരുത്തിച്ചാലില്‍ വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകാന്‍ വൈകിയേക്കില്ലെന്ന പ്രതീക്ഷയും കനക്കുകയാണ്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജില്‍ പദ്ധതിക്ക് കണ്ടെത്തിയ ഒന്നരയേക്കര്‍ മിച്ചഭൂമി റവന്യൂ വകുപ്പ് വിനോദ സഞ്ചാര വകുപ്പിന് കൈമാറേണ്ടതുണ്ട്. ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റെവന്യൂ ഡെപ്യുട്ടി കലക്ടറുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥലപരിശോധന നടത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടും ജില്ല കലക്ടറുടെ ശിപാര്‍ശയും വിശദ പദ്ധതിരേഖയും സര്‍ക്കാറിലേക്കും ലാന്‍ഡ് റെവന്യു കമീഷണര്‍ക്കും നല്‍കിയിരുന്നു. ലാന്‍ഡ് റവന്യു കമീഷണറേറ്റില്‍നിന്ന് ഉത്തരവായാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറയുന്നു. സുരക്ഷ സംവിധാനങ്ങളേര്‍പ്പെടുത്തി കുരുത്തിച്ചാലിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാവുന്ന തരത്തില്‍ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതിയാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാലുവര്‍ഷമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
വ്യൂപോയിന്റ്, പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള സുരക്ഷാസംവിധാനങ്ങള്‍ എന്നിവയുള്‍പ്പടെ ഒരു കോടിയോളം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും പദ്ധതിക്കായി തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആദിവാസി ജനതയുള്‍പ്പെടെ പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ക്കുള്ള വരുമാനമാര്‍ഗത്തിനും വഴിതുറക്കും. കരകൗശല ഉൽപന്നങ്ങള്, കാട്ടുതേന്‍ ഉള്‍പ്പടെ വനവിഭവങ്ങളുടെ വിപണനവും സാധ്യമാകും. കുരുത്തിച്ചാല്‍ കാണാന്‍ ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം പേരെത്താറുണ്ട്. സുരക്ഷസംവിധാനങ്ങളുടെ അഭാവം പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇതോടെയാണ് കുരുത്തിച്ചാലില്‍ സുരക്ഷിതമായ വിനോദസഞ്ചാരം ഉറപ്പാക്കാനായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്‍ ഡി.ടി.പി.സി മുന്‍കൈയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.