മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയം: ഭൂമി കൈമാറി
text_fieldsമണ്ണാര്‍ക്കാട്: പുതിയ കോടതി കെട്ടിടസമുച്ചയത്തിനുള്ള നിര്‍ദിഷ്ട ഭൂമി കൈമാറി. റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ അളന്നുതിരിച്ച ഭൂമിയാണ് നീതിന്യായ വകുപ്പിന് നല്‍കിയത്. ജലസേചന വകുപ്പിന്റെ അധീനതയിൽ നിലവിലുള്ള കോടതികെട്ടിടത്തിന് സമീപമായുള്ള 50 സെന്റ് സ്ഥലമാണ് കൈമാറിയത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലായിരുന്നു ഈസ്ഥലം.
വകുപ്പുകള്‍ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യുവകുപ്പില്‍ നിലനിര്‍ത്തിയാണ് നിര്‍ദിഷ്ട ഭൂമി കോടതി കെട്ടിട നിര്‍മാണത്തിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഭൂമി അനുവദിക്കുന്ന തിയതി മുതല്‍ ഒരുവര്‍ഷത്തിനകം തന്നെ നിര്‍മാണം ആരംഭിക്കണമെന്നതുള്പ്പടെ നിരവധി വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചത്.
താലൂക്ക് ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ സി. വിനോദ്, അബ്ദുറഹ്മാന് പോത്തുകാടന്, താലൂക്ക് സര്‍വേയര്‍ കെ. ലിയാക്കത്തലി, ചെയിന്മാന് വിഘ്നേഷ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എന്‍ജിനീയര്‍ ടി.എം സുധ, ഓവര്‍സിയര്‍മാരായ കെ. വിനോദ്, പി.ശ്രുതി, മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന് ഭാരവാഹികളായ അഡ്വ. ജോസ് ജോസഫ്, അഡ്വ. പി.എം ജയകുമാര്‍, അഡ്വ. പി.സി മാണി, സ്പെഷ്യല്‍ കോര്‍ട്ട് ശിരസ്തദാര്‍ ചെന്താമര തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയത്തിനായി ജലവിഭവവകുപ്പിന്റെ സ്ഥലം അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ആവശ്യമുന്നയിച്ച് 2015-16 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പിന്നീട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനോടും സ്ഥലംവിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് നിവേദനം നല്കി. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ അഡ്വ. ജോസ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്റെ ഈ പരിശ്രമങ്ങള്‍.
നിലവിലുള്ള കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി, പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി എന്നിവയാണ് ഒറ്റനിലകെട്ടിടത്തിന്റെ താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്നത്.
പുതിയ സമുച്ചയം യാഥാര്‍ഥ്യമായാല്‍ കുടുംബകോടതി, പോക്സോ കോടതി, സബ് കോടതി, വാഹനാപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പരിഗണിക്കലുള്പ്പടെയുള്ളവ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.