മണ്ണാർക്കാട് സബ് ജയിലിന് സ്ഥലം കൈമാറി
text_fieldsമണ്ണാർക്കാട്: മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിെൻറ സ്ഥലം ജയിൽ വകുപ്പിന് നൽകി ഉത്തരവിറങ്ങി. കാഞ്ഞിരപ്പുഴ പ്രോജക്ടിന് കീഴിലുള്ള ഏഴേക്കർ സ്ഥലത്തുനിന്ന് നാല് ഏക്കറാണ് കൈമാറുന്നത്.
മണ്ണാർക്കാട് സബ് ജയിൽ അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭിക്കാത്തത് വെല്ലുവിളിയായിരുന്നു. മുണ്ടേക്കാരാടുള്ള സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നെങ്കിലും നടപടികൾ നീണ്ടു. വികസനപ്രവർത്തനങ്ങൾക്കായി വിട്ടുനൽകണമെന്ന നഗരസഭയുടെ ആവശ്യം തള്ളിയാണ് സബ് ജയിലിന് ഭൂമി അനുവദിച്ചത്. ആകെയുള്ള ഏഴ് ഏക്കർ ഏഴ് സെൻറ് ഭൂമി പൂർണമായും ആഭ്യന്തര വകുപ്പ് ജയിൽ നിർമാണത്തിനായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയില്ല.
നാലേക്കർ 3,20,52,696 രൂപ വില നിശ്ചയിച്ചാണ് ജയിൽ വകുപ്പിന് കൈമാറിയത്. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാട്ടത്തിന് നൽകാനോ പാടില്ല, ഭൂമിയിലെ മരങ്ങൾ റവന്യൂ അധികാരികൾ അറിയാതെ മുറിക്കാൻ പാടില്ല, ഒരു വർഷത്തിനകം നിർദിഷ്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങണം, കനാൽ വഴി സൗകര്യം തടസ്സപ്പെടാത്ത രീതിയിൽ നിർമാണ പ്രവൃത്തികൾ നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം കൈമാറിയിരിക്കുന്നത്.
എതിർപ്പുമായി എം.എൽ.എയും നഗരസഭയും
മണ്ണാർക്കാട്: സബ് ജയിലിന് സ്ഥലം അനുവദിച്ചതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് മണ്ണാർക്കാട് എം.എൽ.എ ഷംസുദ്ദീനും നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി നഗരസഭയുടെ വികസന പദ്ധതികൾക്കായി ഈ സ്ഥലം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നതാണ്. നഗരസഭയിൽ ലൈഫ് പദ്ധതി നടപ്പാക്കാൻ സ്ഥലം ലഭിക്കാത്ത അവസ്ഥയുണ്ട്. നഗരസഭക്ക് സ്വന്തമായൊരു സ്റ്റേഡിയം ഇല്ലാത്തതടക്കം പരിഗണിച്ച് നടപടിയിൽ നിന്ന് പിന്മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽകളത്തിൽ ആവശ്യപ്പെട്ടു.
നടപടി പിൻവലിക്കണം –ഫുട്ബാൾ അസോ.
മണ്ണാർക്കാട്: ആധുനിക സൗകര്യത്തോടെ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം ഒരുക്കാനുള്ള പദ്ധതിയെ അട്ടിമറിച്ച് ജയിൽ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മണ്ണാർക്കാട് ഫുട്ബാൾ അസോസിയേഷൻ.
സ്ഥലം ജയിലിനായി വിട്ടുനൽകിയതിനെതിരെ ബന്ധപ്പെട്ട മന്ത്രിമാർക്ക് നിവേദനം നൽകുമെന്നും പ്രസിഡൻറ് ചെറൂട്ടി മുഹമ്മദ്, ജനറൽ സെക്രട്ടറി ഫിറോസ് ബാബു എന്നിവർ അറിയിച്ചു.
'ജയിൽ നിർമാണം പുനഃപരിശോധിക്കണം'
മണ്ണാർക്കാട്: മണ്ണാർക്കാട് മുനിസിപ്പാലിറ്റിയുടെ വിവിധ തരം ജനോപകാര പദ്ധതികൾക്കായി വിനിയോഗിക്കേണ്ട സ്ഥലം ജയിൽ നിർമാണത്തിനായി അനുവദിച്ച റവന്യു വകുപ്പ് നടപടി പിൻവലിക്കണമെന്ന് സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.