മണ്ണാർക്കാട് പൂരം: വലിയാറാട്ട് കഴിഞ്ഞു, ചെട്ടിവേല ഇന്ന്
text_fieldsമണ്ണാര്‍ക്കാട്: മണ്ണാർക്കാട് പൂരത്തിന്റെ ഭാഗമായി അരകുറുശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ വലിയാറാട്ട് ആഘോഷിച്ചു. പൂരത്തിന് സമാപനം കുറിക്കുന്ന ചെട്ടിവേല ഞായറാഴ്ചയാണ്.
ശനിയാഴ്ച രാവിലെ മുതല്‍ അരകുറുശ്ശി ക്ഷേത്രത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവർ പൂരനഗരിയില്‍ നിറഞ്ഞു. ക്ഷേത്രംതന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിയുടെയും മേല്‍ശാന്തി ശ്രേയസ്സ് എമ്പ്രാന്തിരിയുടെയും കാര്‍മികത്വത്തില്‍ രാവിലെ ചടങ്ങുകള്‍ നടന്നു. എട്ടരയോടെ അഞ്ച് ആനകളുടെയും വാദ്യമേള സമേതവും ഭഗവതി ആറാട്ടിനിറങ്ങി. തുടര്‍ന്ന് തിരിച്ചെഴുന്നള്ളിപ്പും മേജര്‍സെറ്റ് പഞ്ചവാദ്യവും നടന്നു.
മൂന്നിന് ഓട്ടന്തുള്ളല്, അഞ്ചിന് പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡബിള്‍ നാദസ്വരം, ആറിന് പോരൂര്‍ ഉണ്ണികൃഷ്ണന്, കല്പാത്തി ബാലകൃഷ്ണന് എന്നിവരുടെ ഡബിള്‍ തായമ്പക എന്നിവയും നടന്നു. രാത്രി ഒമ്പതിനുശേഷം ആറാട്ടെഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് വര്‍ണാഭമായ കുടമാറ്റവുമുണ്ടായി. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ 90 കലാകാരന്മാരുടെ പഞ്ചാരിമേളവും അരങ്ങേറി. ഇടയ്ക്ക പ്രദക്ഷിണം, കാഴ്ചശീവേലിയോടെ വലിയാറാട്ടിന് സമാപനമായി.
പൂരത്തിന് സമാപനം കുറിക്കുന്ന ചെട്ടിവേല ആഘോഷം ഞായറാഴ്ച നടക്കും. യാത്രാബലി-താന്ത്രിക ചടങ്ങുകള്‍ക്കുശേഷം പഞ്ചവാദ്യസമേതം സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കല്‍ നടക്കും. തുടര്‍ന്ന് ദേശവേലകള്‍ നഗരത്തില്‍ സംഗമിച്ച് ഘോഷയാത്രയായി ഉദയര്‍കുന്ന് ക്ഷേത്രത്തിലെത്തും. വൈകീട്ട് ഏഴിന് ആറാട്ട്, 21 പ്രദക്ഷിണം, തുടര്‍ന്ന് കൊടിയിറക്കല്‍, അത്താഴപൂജ എന്നിവയോടെ പൂരം സമാപിക്കും.
മണ്ണാർക്കാട്ട് ഇന്ന് ഗതാഗത നിയന്ത്രണം
മണ്ണാര്‍ക്കാട്: ചെട്ടിവേലയുടെ ഭാഗമായി ഞായറാഴ്ച മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം. കോഴിക്കോട്, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും മണ്ണാര്‍ക്കാട്, പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ആര്യമ്പാവില്നിന്ന് തിരിഞ്ഞ് ശ്രീകൃഷ്ണപുരം വഴി തിരുവാഴിയോട് ചെന്ന് പാലക്കാട് ഭാഗത്തേക്ക് പോകണം. അലനല്ലൂരില്നിന്നുവരുന്ന വാഹങ്ങള്‍ കുമരംപുത്തൂര്‍ ചുങ്കത്ത് യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം. പാലക്കാട് ഭാഗത്തുനിന്നും മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നും തിരിഞ്ഞ് കോങ്ങാട് -കടമ്പഴിപ്പുറം വഴി ആര്യമ്പാവിലെത്തി തിരിഞ്ഞുപോകണം. അഗളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തെങ്കര ചെക്ക് പോസ്റ്റില്‍ യാത്രക്കാരെ ഇറക്കിയും തിരിച്ച് പോകണം. ചുങ്കം, ചങ്ങലീരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയശേഷം തിരിച്ച് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.