പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി
text_fieldsമണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തത് ആശുപത്രിയിലെത്തുന്നവരെ വലക്കുന്നു. ദിനേന നിരവധി വാഹനങ്ങൾ രോഗികളുമായി എത്തുന്ന സ്ഥലമാണിത്. രോഗികളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആശുപത്രിക്ക് പുറത്തെ ഇടവഴികളിലും മറ്റും നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും ആശുപത്രി റോഡിൽ ഗതാഗത തടസ്സമുണ്ടാക്കുന്നു.
പ്രധാന ഗേറ്റിന് സമീപമുള്ള കെട്ടിടത്തിന് മുന്‍വശത്തും പിന്നിലുമായുള്ള കുറച്ചുഭാഗത്താണ് ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇരുപതോളം ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം മാത്രമാണ് ഇവിടെയുള്ളത്. കെട്ടിടത്തിനും മതിലിനോടും ചേര്‍ന്ന ഇടുങ്ങിയ വഴിയിലൂടെ വേണം ഇവിടേക്ക് കടക്കാന്‍. നിര്‍ത്തിയിട്ട വാഹനം എടുക്കണമെങ്കിലും മറ്റു വാഹനങ്ങള്‍ മാറ്റുകയും വേണം. ഇരുചക്ര വാഹനങ്ങളില്‍നിന്ന് ഹെല്‍മറ്റുകള്‍ മോഷണം പോകുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതില്‍ പലര്‍ക്കും ആശങ്കയുമുണ്ട്.
സ്ഥലപരിമിതിമൂലം ആശുപത്രി ജീവനക്കാരുടെ വാഹനം പോലും പുറത്ത് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, ജലസേചനവകുപ്പ് ഓഫിസ്, മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള വഴിയരികിലാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ആശുപത്രിക്ക് മുന്നില്‍തന്നെ ഓട്ടോ സ്റ്റാന്‍ഡുമുണ്ട്. ഒരേക്കറോളം സ്ഥലത്താണ് ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്നത്. ഒ.പി ടിക്കറ്റ്, മോര്‍ച്ചറി ഭാഗങ്ങളിലേക്കുള്ള പ്രധാന വഴി എന്നിവ ഒഴിച്ചാല്‍ ഇരുഭാഗങ്ങളിലും ചുറ്റിലുമെല്ലാം ആശുപത്രിയുടെ കെട്ടിടങ്ങളാണ്. പനി, ചുമ, മറ്റു രോഗങ്ങള്‍ എന്നിവ ബാധിച്ച് ദിനവും ആയിരത്തോളം പേരാണ് ആശുപത്രിയിലെത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ആയിരത്തിന് മുകളിലാണ് ഒ.പി ടിക്കറ്റെടുത്തവരുടെ എണ്ണം. ഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളിലും ടാക്സി വാഹനങ്ങളിലും മറ്റുമാണ് എത്തുന്നത്. ഇവരെല്ലാം പാർക്കിങ് സൗകര്യമില്ലാതെ വലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.