മണ്ണാര്‍ക്കാട്ട് ദുരന്തനിവാരണ അധികൃതരുടെ മോക് ഡ്രിൽ
text_fieldsമണ്ണാര്‍ക്കാട്: ഭൂചലനങ്ങളില്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്നും ആളുകളെ രക്ഷപ്പെടുത്തുന്ന സേനാംഗങ്ങളുടെ പ്രവര്‍ത്തനം കണ്ടുനിന്നവരെ അമ്പരപ്പിക്കുകയും ആകാംക്ഷയിലാഴ്ത്തുകയും ചെയ്തു. മണ്ണാര്‍ക്കാടാണ് ഇന്നലെ ഭൂചനലവും കെട്ടിടങ്ങള്‍ തകര്‍ന്ന് ആളുകള്‍ക്ക് പരിക്കേറ്റതും രക്ഷാപ്രവര്‍ത്തനവും ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ ‘മോക് ഡ്രില്‍’ നടന്നത്. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ കോളജ് കാമ്പസിലാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തന പരിശീലനം ഒരുക്കിയത്.
ആർക്കോണത്തുനിന്നുള്ള 23 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.
ഭൂചലനമുണ്ടായതായി മൈക്കില്‍ അറിയിപ്പ് നൽകുകയും അധ്യാപകര്‍ വിദ്യാര്‍ഥികളെ ക്ലാസിന് പുറത്തിറക്കുകയും ചെയ്തു. ക്യാമ്പുചെയ്തിരുന്ന അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും പിന്നീടെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾ ഭംഗിയാക്കി. തുടര്‍ന്ന് പരിക്കേറ്റവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റി. കളിലെ കെട്ടിടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയയാളെ കയറിലൂടെ പ്രത്യേക ഷീറ്റില്‍ കിടത്തി താഴെയിറക്കിയത് കാണികളെ ആവേശത്തിലാക്കി.
തഹസില്‍ദാര്‍ രേവ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ അജിത്കുമാരി എന്നിവര്‍ക്ക് ടീം കമാന്‍ഡന്റ് ദീപക് ചില്ലര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ആഷിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് നല്കി മോക്ഡ്രില്‍ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.