മണ്ണാർക്കാട് -അട്ടപ്പാടി റോഡ് നിർമാണം ഇഴയുന്നു
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട്-അട്ടപ്പാടി റോഡിന്റെ ഒന്നാംഘട്ട പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നു. ഏറെ തിരക്കേറിയ റോഡാണിത്. മണ്ണാർക്കാട് നിന്നും ചിന്നത്തടാകം വരെയുള്ള അന്തർ സംസ്ഥന പാതയെന്ന് മാത്രമല്ല അട്ടപ്പാടിയിലേക്കുള്ള ഏക ഗതാഗത മാർഗം കൂടിയാണ് ഇത്.
53 കിലോ മീറ്റര്‍ ദൂരം വരുന്ന അന്തര്‍ സംസ്ഥാന പാത മൂന്ന് ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ എട്ട് കിലോമീറ്റർ ആദ്യഘട്ടത്തിലും ആനമൂളി മുതല്‍ മുക്കാലി വരെ 11 കിലോ മീറ്റര്‍ രണ്ടാം ഘട്ടമായും മുക്കാലി മുതല്‍ ആനക്കട്ടി വരെ 34 കിലോ മീറ്റര്‍ ദൂരം മൂന്നാം ഘട്ടവുമായാണ് പൂർത്തിയാക്കുക.
ഒന്നാംഘട്ട നിർമാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പതുക്കെയാണ് മുന്നോട്ടുപോകുന്നത്. 2023 ആഗസ്റ്റിലാണ് പ്രവൃത്തി ആരംഭിച്ചത്. മരം മുറിക്കൽ, കുടിവെള്ള പൈപ്പുകൾ, വൈദ്യുതി ലൈൻ എന്നിവ മാറ്റി സ്ഥാപിക്കൽ ഉൾപ്പെടെ നടപടികൾ നീണ്ടത് റോഡ് നിർമാണത്തിനും കാലതാമസം വരുത്തി. മഴയെത്തും മുമ്പ് നെല്ലിപ്പുഴ മുതൽ തെങ്കര വരെയുള്ള നാല് കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പണികൾ മന്ദഗതിയിലാണ്.
ഇതോടെ മഴയിൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതോടെ ഗതാഗതം കൂടുതൽ ദുഷ്കരമാകും. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് റോഡ് പണി മന്ദഗതിയിലാകാൻ കാരണമെന്നും ആക്ഷേപമുണ്ട്. റോഡ് നിർമാണത്തിലെ കാലതാമസം ഒഴിവാക്കി യാത്രപ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.