വാഹനാപകടം ഒഴിയാതെ മണ്ണാര്‍ക്കാട് നഗരം
text_fieldsമണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങുമെല്ലാമാണ് അപകടങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ നഗരത്തിലെ ഗതാഗതക്കുരുക്കും അനധികൃതപാര്‍ക്കിങ്ങും അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.
ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഒരു മാസത്തിനുള്ളില്‍ പതിനഞ്ചോളം അപകടങ്ങളാണ് നഗരത്തിന്റെ പലഭാഗങ്ങളിലായി സംഭവിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് ആശുപത്രിപ്പടിയില്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന രണ്ട് ഓട്ടോകളിലും സ്കൂട്ടറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
രാത്രി പത്തോടെ ബസ് സ്റ്റാൻഡിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് കാഞ്ഞിരം സ്വദേശിക്ക് പരിക്കേറ്റു. കോടതിപ്പടി കവലയും ബസ് സ്റ്റാന്‍ഡ് പരിസരവുമാണ് പ്രധാന അപകടകേന്ദ്രമായി മാറുന്നത്. റോഡ് നിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലേക്ക് ദേശീയപാതയില്‍ നിന്നും ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടെ പാതയുടെ ഇരുഭാഗങ്ങളില്‍ നിന്നും മറ്റ് വാഹനങ്ങളെത്തുമ്പോള്‍ ഗതാഗത തടസ്സമുണ്ടാകാറുണ്ട്. ഈ ഭാഗത്ത് മീറ്ററുകളുടെ വ്യത്യാസത്തില്‍ രണ്ട് സീബ്രാലൈനുകളുണ്ട്. പക്ഷേ, കാല്‍നടയാത്രക്കാര്‍ക്ക് പാതമുറിച്ച് കടക്കണമെങ്കില്‍ പ്രയാസമേറെയാണ്.
വാഹനകുരുക്ക് ഇവിടെയും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ദേശീയപാതയുടെ ഇരുവശം വഴി വാഹനങ്ങള്‍ കടന്ന് പോകുമ്പോഴും ചങ്ങലീരി ഭാഗത്ത് നിന്നും വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴും കോടതിപ്പടി കവലയില്‍ ഗതാഗത തടസം പതിവാണ്. ഈ സമയത്ത് വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. സിബ്രാലൈനില് വച്ച് കാല്‍നടയാത്രക്കാരെ വാഹനമിടിച്ച നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ട്രാഫിക് പൊലിസും ഹോംഗാര്ഡുമെല്ലാം കവലയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുന്നത് പതിവുകാഴ്ചയാണ്.
ഇവിടെ സിഗ്നല്‍ ലൈറ്റ് സംവിധാനം ഒരുക്കിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.അധികൃതരുടെ ഭാഗത്ത് നിന്നും ഇതിന് വേണ്ട നടപടികളുണ്ടാകുന്നില്ല. ലിങ്ക് റോഡുകളില്‍ നിന്നും ശ്രദ്ധയില്ലാതെ പലപ്പോഴും വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.നഗരം അപകടമുക്തമാക്കാനും സുരക്ഷിതമായ വാഹനഗതാഗതം സാധ്യമാക്കാനും അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.