മണ്ണാർക്കാട് നഗരസഭ ബസ് സ്റ്റാൻഡ്; ആശ്രയം, പഴയ ബസ് കാത്തിരിപ്പുകേന്ദ്രം തന്നെ
text_fieldsമണ്ണാര്‍ക്കാട്: ബസ് കാത്തിരിക്കാന്‍ പുതിയ കേന്ദ്രമുണ്ടെങ്കിലും മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്രയം പഴയ കേന്ദ്രം തന്നെ. മഴയാണെങ്കിലും വെയിലാണെങ്കിലും യാത്രക്കാർ ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്കുള്ള ബസില്‍ കയറിപ്പറ്റാന്‍ പലയാത്രക്കാര്‍ക്കും ഇവിടെ നിന്നാലെ നിവൃത്തിയുള്ളൂ. സ്റ്റാന്‍ഡിലെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന് മുന്നിലായാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്.
ഇതിന്റെ മുന്‍വശത്ത് ബസുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ മറ്റുബസുകള്‍ കാണാനും ബസിന്റെ ബോര്‍ഡുകള്‍ വായിക്കാനും യാത്രക്കാര്‍ക്ക് സാധിക്കില്ല. അട്ടപ്പാടി, തെങ്കര, പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ ഇവിടെയാണ് നിര്‍ത്തിയിടുന്നത്. കോഴിക്കോട് ഭാഗത്തേക്കും എടത്തനാട്ടുകര, കോട്ടോപ്പാടം, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലേക്കെല്ലാമുള്ള ബസുകള്‍ ദേശീയപാതയില്‍നിന്നും സ്റ്റാന്‍ഡിലേക്ക് കയറി മുന്‍വശത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റിയശേഷമാണ് പോകാറ്. ഇതിനാല്‍ പുതിയ കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് ബസിൽ കയറാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇതിനാല്‍ മഴയത്തും വെയിലത്തും ശൗചാലയത്തിന് മുന്നിലുള്ള കേന്ദ്രത്തിൽ കാത്തുനില്‍ക്കേണ്ടി വരികയാണ്. തണലോ ഇരിപ്പിടങ്ങളോ ഇവിടില്ല. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ഏറെ പ്രയാസപ്പെടുന്നത്. കാലപ്പഴക്കം ചെന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് നീക്കിയതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയിടുന്നതിന്റെ പിന്‍വശത്തെ കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കാത്തിരിപ്പ് കേന്ദ്രമൊരുക്കിയത്. രാവിലെയും വൈകീട്ടും സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് സ്ഥലപരിമിതി നേരിടുന്നതിനാല്‍ നിലവില്‍ നഗരസഭ നടത്തുന്ന പാര്‍ക്കിങ് സംവിധാനം മറ്റൊരിടത്തേക്ക് മാറ്റി ബസുകള്‍ക്ക് നിര്‍ത്തിയാന്‍ സൗകര്യമൊരുക്കണമെന്നും കൂടാതെ യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ച് സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിൽ ക്രമീകരണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.