മണ്ണാര്‍ക്കാട് നഗരസഭ കൗൺസിൽ തീരുമാനം;വികസന പ്രവർത്തനങ്ങൾക്ക് 10 കോടി വായ്പയെടുക്കും
text_fieldsമണ്ണാര്‍ക്കാട്: ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് 10 കോടിരൂപ വായ്പ എടുക്കുന്നതിനുള്ള നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു. എം.സി.എഫ്.ആര്.സി.എഫ് പോലുള്ള ഖരമാലിന്യ സംസ്കരണപദ്ധതികള്ക്കും നഗരസഭയുടെ മറ്റ് ആവശ്യങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനും കോണ്ട്രാക്ടര്മാരുടെ ബില്ലുകള്‍ നല്‍കുന്നതിനും കൂടിയാണ് വായ്പയെടുക്കുന്നത്.
നഗരസഭയില്‍ വിവാദമായ നികുതികുടിശ്ശിക പിരിവും ചര്‍ച്ചയായി. നോട്ടിസ് പ്രകാരമുള്ള കുടിശ്ശിക അടക്കാന്‍ ബാധ്യസ്ഥരല്ലെന്നും നികുതി കുടിശ്ശിക ഒഴിവാക്കിതരണമെന്നും ആവശ്യപ്പെട്ടുള്ള കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്റെ അപേക്ഷയിലാണ് ചര്‍ച്ച നടന്നത്. നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമായതിനാല്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
2016 -17 മുതല്‍ 2023-24വരെയുള്ള എട്ട് വര്‍ഷത്തെ നികുതി കുടിശ്ശിക അടക്കാനാവശ്യപ്പെട്ട് നഗരസഭയില്‍നിന്ന് ഡിമാന്റ് നോട്ടിസ് നല്‍കിയെന്നതായിരുന്നു വിവാദമായത്. ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ അഞ്ചുവര്‍ഷത്തെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.
അതേസമയം, പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷമുള്ള മൂന്നുവര്‍ഷത്തെ നികുതികുടിശ്ശിക മാത്രമാണ് പിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.
മുന്‍പ് അടച്ചവര്‍ക്ക് അടുത്തവര്‍ഷം അതിനനുസരിച്ച് നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്യുമെന്ന് ചെയര്മാന് ഉറപ്പ് നല്‍കിയത് അംഗങ്ങള്‍ കൈയടിച്ച് അംഗീകരിച്ചു. നടമാളിക -അരകുര്‍ശ്ശി റോഡില്‍ ഒരുഭാഗം വെള്ളംകെട്ടി കിടക്കുന്നത് പരിഹരിക്കാനായി ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന വിഷയവും കൗണ്‍സില്‍ പരിഗണനക്ക് വന്നു. ഇതിനായി 48,600 രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ ഓവര്‍സിയര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ചെയര്മാന് അറിയിച്ചു. നഗരസഭ പദ്ധതികള്‍ക്കായി മുക്കണ്ണത്ത് വാങ്ങാനുദ്ദേശിക്കുന്ന ഭൂമിസംബന്ധിച്ച വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത, നഗരസഭ സെക്രട്ടറി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഷഫീഖ് റഹ്മാന്, മാസിത സത്താര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.