മണ്ണാർക്കാട് നഗരസഭ; വസ്തുനികുതി പരിഷ്കരണത്തിന് കരട് വിജ്ഞാപനമിറക്കും
text_fieldsമണ്ണാർക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരമുള്ള 2023-34 വർഷത്തെ വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് നഗരസഭ കൗൺസിൽ അടിയന്തര യോഗം ചേർന്നു. നികുതി പരിഷ്കരണം സംബന്ധിച്ച് കരടുവിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനമായി. നഗരസഭകളിൽ ഉപയോഗക്രമത്തിനനുസരിച്ച് ഓരോയിനം കെട്ടിടത്തിനും അതിന്റെ ഉപവിഭാഗങ്ങൾക്കും ഏറ്റവും കൂടിയതും കുറഞ്ഞതുമായ നികുതി കണക്കാക്കി നിലവിലെ നികുതിയുടെ അഞ്ചുശതമാനം വർധനവാണ് തീരുമാനിച്ചത്. നികുതി വർധന സംബന്ധിച്ച് പരാതി സമർപ്പിക്കാൻ ഒരുമാസം അനുവദിക്കും. ഇതിനു ശേഷമായിരിക്കും കൗൺസിൽ ചേർന്ന് അന്തിമ തീരുമാനമെടുക്കുക.
പ്രഥമ, ദ്വിതീയ, ത്രിതീയ മേഖലകളായി തിരിച്ചും വഴിസൗകര്യത്തിന്റെ അടിസ്ഥാനത്തിലുമാണ് നികുതി പരിഷ്കരണ ഉത്തരവ് വന്നിട്ടുള്ളത്. ദേശീയപാതയിൽ നൊട്ടമല മുതൽ എം.ഇ.എസ് കല്ലടി കോളജ് വരെ ഇരുവശവും 100 മീറ്റർ വീതം, മണ്ണാർക്കാട്-ചിന്നത്തടാകം റോഡിൽ നെല്ലിപ്പുഴ ഗാന്ധി സ്ക്വയർ മുതൽ ചെക്ക്പോസ്റ്റുവരെ ഇരുവശവും 300 മീറ്റർ വീതം, കുന്തിപ്പുഴ ബൈപാസ് മുതൽ വടക്കുമണ്ണം ചെക്ക്പോസ്റ്റ് വരെ ഇരുവശവും 100 മീറ്റർ വീതം, നടമാളിക റോഡ് മുതൽ അരയങ്ങോട് പൊട്ടിപാലം വരെ ഇരുവശവും 100 മീറ്റർ വീതം, കല്ലടി കോളജ് മുതൽ ബംഗ്ലാവ്പടി വരെ ഇരുവശവും 100 മീറ്റർ വീതം, കോടതിപ്പടി റോഡ് മുതൽ അമ്പലവട്ട വരെ ഇരുവശവും 100 മീറ്റർ വീതം, ഒന്നാംമൈൽ ജങ്ഷൻ മുതൽ കാരാകുർശി പഞ്ചായത്ത് അതിർത്തി വരെ ഇരുവശവും 100 മീറ്റർ വീതം, നമ്പിയംകുന്ന് ജങ്ഷൻ മുതൽ പോത്തോഴിക്കാവ് വരെ ഇരുവശവും 100 മീറ്റർ വീതം, അൽമ ജങ്ഷൻ മുതൽ കുന്തിപ്പുഴ ദേശീയപാത ജങ്ഷൻ വരെ ഇരുവശവും 100 മീറ്റർ, പുല്ലിശ്ശേരി -മുണ്ടേക്കരാട് ജങ്ഷൻ മുതൽ ക്രിസ്ത്യൻപള്ളി വരെ ഇരുവശവും 100 മീറ്റർ എന്നിങ്ങനെയാണ് പ്രഥമ മേഖലയിൽ ഉൾപ്പെടുക.
ദ്വിതീയ മേഖലയിൽ ദേശീയപാത, സംസ്ഥാനപാത, ജില്ല പാത, പൊതുമരാമത്ത് റോഡുകൾ ഒഴികെ നഗരസഭ ആസ്തിയിലുൾപ്പെട്ട എല്ലാ റോഡുകളുടെയും ഇരുവശത്തുള്ള കെട്ടിടങ്ങൾ ഉൾപ്പെടും. രണ്ടു മേഖലയിലും ഉൾപ്പെടാത്ത പ്രദേശങ്ങളാണ് ത്രിതീയ മേഖലയിൽ വരുന്നത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, വൈസ് ചെയർപേഴ്സൻ കെ. പ്രസീത, കൗൺസിലർമാരായ ഷഫീഖ് റഹ്മാൻ, ടി.ആർ. സെബാസ്റ്റ്യൻ, കെ. മൻസൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.