പതഞ്ഞൊഴുകുന്ന വശ്യചാരുതയിൽ അപകടക്കെണിയൊരുക്കി കുരുത്തിച്ചാൽ
text_fieldsമണ്ണാര്‍ക്കാട്: സന്ദര്‍ശനത്തിന് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ് കുരുത്തിച്ചാല്‍ പ്രദേശം. സൈലന്റ് വാലി മലനിരകളില്‍ മഴപെയ്താല്‍ അപ്രതീക്ഷിതമായി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാകും. പുഴയാകട്ടെ നിറയെ കയങ്ങളും പാറക്കെട്ടുകളും നിറഞ്ഞതിനാല്‍ അപകടസാധ്യത ഏറെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 13 പേരാണ് കുരുത്തിച്ചാലിലെ കയങ്ങളിൽ ജീവൻ പൊലിഞ്ഞത്. രണ്ട് വര്‍ഷത്തോളമായി ഇവിടെ മരണം സംഭവിച്ചിരുന്നില്ല.
2020ല്‍ കാടാമ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചതിനെ തുടര്‍ന്ന് സബ് കലക്ടര്‍ ഇടപെട്ട് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മൈലാമ്പാടത്ത് നിന്നും കുരുത്തിച്ചാലിലേക്ക് തിരിയുന്ന ഭാഗത്തായി റവന്യൂ വകുപ്പ് ചെക്ക് പോസ്റ്റും പൊലീസ് സേവനവും ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ചെക്പോസ്റ്റ് തകര്‍ന്നുകിടക്കുകയാണ്. റവന്യൂ ഭൂമിയിലുള്ള ചെക്പോസ്റ്റ് നന്നാക്കാന്‍ ഗ്രാമ പഞ്ചായത്ത് തയാറാണെന്ന് പ്രസിഡന്റ് പറഞ്ഞു.
മഴക്കാലത്ത് സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടായി. എന്നാല്‍ മുന്നറിയിപ്പ് വകവെക്കാതെ വിവിധ നാടുകളിൽനിന്ന് ആളുകൾ കുരുത്തിച്ചാലിലേക്ക് എത്തുകയാണ്.
വേനല്‍ കനത്തതോടെ അവധി ദിവസങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. സന്ദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് സബ് കലക്ടര്‍, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് മാര്‍ച്ചില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നിരന്തരം ആവശ്യപ്പെടാറുണ്ട്. പ്രദേശത്ത് വിനോദ സഞ്ചാര പദ്ധതി നടപ്പാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് കുറേകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായിട്ടില്ല. മഴക്കാലത്താണ് കുരുത്തിച്ചാലില്‍ ദുരന്തമുണ്ടാകാറുള്ളതെങ്കില് ഇത്തവണ വേനല്‍ക്കാലത്ത് തന്നെ മരണമെത്തിയിരിക്കുകയാണ്. കുരുത്തിച്ചാലിലേക്കുള്ള ആളുകളുടെ വരവ് നിയന്ത്രിക്കാന്‍ വനം-റവന്യു-പൊലീസ് വകുപ്പുകള്‍ ഇടപെടണമെന്നും പ്രദേശത്ത് പൊലീസിന്റെ കാവലേര്‍പ്പെടുത്തണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.