മണ്ണാർക്കാട്ട് ടി.പി.ആർ ഉയരുന്നതിൽ അവ്യക്തതയെന്ന്
text_fieldsമണ്ണാർക്കാട്: കോവിഡ് പരിശോധനയുടെ എണ്ണം കുറഞ്ഞതോടെ രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) ഉയരുന്നതിൽ നഗരസഭ ട്രിപ്ൾ ലോക് ഡൗണിലേക്ക് നീങ്ങുമെന്ന് ആശങ്ക. കഴിഞ്ഞ ആഴ്ച നഗരസഭയിൽ ടി.പി.ആർ കുറവായിട്ടും ബി കാറ്റഗറിക്ക് പകരം സി കാറ്റഗറിയിൽ ഉൾപെടുത്തിയെന്ന ആരോപണം ഉയർന്നിരുന്നു.
സി കാറ്റഗറിയായതോടെ വെള്ളിയാഴ്ച മാത്രമേ അവശ്യ സാധനങ്ങൾ വിൽക്കുന്നത് ഒഴിച്ചുള്ള കടകൾ തുറക്കാൻ കഴിയു.
നഗരസഭയുടെ കണക്കുകളും ജില്ല അതോറിറ്റിയുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുണ്ടായതോടെ ഈ ആഴ്ച മുതൽ മണ്ണാർക്കാട് ടി.പി.ആർ പ്രത്യേകമായി ശേഖരിക്കാൻ തീരുമാനിച്ചിരുന്നു. 40,000 ജനസംഖ്യയുള്ള നഗരസഭയിൽ കഴിഞ്ഞ നാല് ദിസങ്ങളിലായി പ്രതിദിനം മുപ്പതോളം ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത്.
ഇതുമൂലം കഴിഞ്ഞ നാല് ദിവസങ്ങളിലെ ടി.പി.ആർ ഉയർന്ന് തന്നെ തുടരുകയാണ്. ഇതോടെ ട്രിപ്ൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് നഗരസഭ പോകേണ്ടിവരുമെന്നാണ് ആശങ്ക.
ടി.പി.ആർ കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധനകൾ കൂട്ടണമെന്ന നിർദേശവും മണ്ണാർക്കാട് നടപ്പായില്ല. ഇങ്ങനെ പരിശോധനകൾ നടത്തിയാൽ ടി.പി.ആർ താഴുമെന്ന് വ്യാപാരികളടക്കമുള്ളവർ പറയുന്നു. അടുത്തിടെ ട്രിപ്ൾ ലോക് ഡൗണിലായ നഗരസഭയിൽ സാമൂഹിക പരിശോധന ക്യാമ്പുകൾ നടത്തി സാമൂഹിക വ്യാപനമില്ലെന്ന് കണ്ടെത്തി ട്രിപ്ൾ ലോക് ഡൗൺ നീക്കിയിരുന്നു.
സമരവുമായി വ്യാപാരികൾ
മണ്ണാർക്കാട്: നഗരസഭ പരിധിയിലെ എല്ലാ വിഭാഗം വ്യാപാരികൾക്കും കടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിെൻറ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് നഗരസഭ കാര്യാലയത്തിന് മുന്നിൽ സമരം നടത്തി.
ടി.പി.ആർ നിരക്കുകൾ സംബന്ധിച്ച് അവ്യക്തത നീക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന സെക്രട്ടറി കുട്ടി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഫിറോസ് ബാബു അധ്യക്ഷനായി. യൂനിറ്റ് നേതാക്കളായ കെ.പി.ടി. അഷറഫ്, ടി.കെ. ഗംഗാധരൻ, സോനു ശിവദാസൻ, കാജാ ഹുസയിൻ, ഫർണിച്ചർ അസോസിയേഷൻ ജില്ല പ്രസിഡൻറ് ബൈജു രാജേന്ദ്രൻ, ചിൻമയാനന്ദൻ എന്നിവർ സംസാരിച്ചു.
ടി.പി.ആർ: ഒറ്റപ്പാലത്തും പ്രതിഷേധവുമായി വ്യാപാരികൾ
ഒറ്റപ്പാലം: കോവിഡ് ടി.പി.ആർ നിർണയം അശാസ്ത്രീയവും അപാകതകളുള്ളതുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഏതെങ്കിലും ഒരു ക്യാമ്പിലെ ആൻറിജൻ പരിശോധനയിൽ പോസിറ്റിവായവരുടെ ശതമാനം പഞ്ചായത്ത്, നഗരസഭകളിലെ മൊത്തം ജനത്തിന് ബാധകമാക്കുന്നത് അശാസ്ത്രീയമാണ്.
രണ്ട് ഡോസ് കുത്തിവെപ്പിന് മുൻഗണന പട്ടികയിൽ വ്യാപാരികളെ ഉൾപ്പെടുത്തണം. ലോക്ഡൗണിൽ അടച്ചിട്ട വ്യാപാര കേന്ദ്രങ്ങളുടെ വൈദ്യുതി ബില്ലിൽനിന്ന് ഫിക്സഡ് ചാർജുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ജില്ലയിൽ വ്യാപാരികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 152 യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ 500 കേന്ദ്രങ്ങളിലാണ് പ്രതിഷേധ സമരം അരങ്ങേറുകയെന്ന് ജനറൽ സെക്രട്ടറി പി. സുനിൽ ബാബു, വൈസ് പ്രസിഡൻറ് മുസ്തഫ മുളയങ്കാവ്, യൂത്ത് വിങ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.