ആശുപത്രിയിൽ നിക്ഷേപിച്ച തുക ലഭിക്കുന്നില്ല; നിക്ഷേപകർ പ്രതിഷേധത്തിലേക്ക്
text_fieldsമണ്ണാര്‍ക്കാട്: വാഗ്ദാനം ചെയ്ത ചികിത്സ ആനുകൂല്യങ്ങളും നിക്ഷേപിച്ച തുകയും നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കണമെന്ന് ഒരു വിഭാഗം നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട്ട് ധര്‍ണ നടത്തും. കുന്തിപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. 2021ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ആശുപത്രിയില്‍ ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ നിക്ഷേപം നടത്തിയവരുണ്ട്. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര ചികിത്സാസൗകര്യങ്ങളോ മതിയായ ഡോക്ടര്‍മാരോ ഇല്ലാതെ ആരംഭിച്ച ആശുപത്രി നിലവില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.
നിക്ഷേപം നടത്തിയവര്‍ക്ക് വാഗ്ദാനം നല്കിയ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആശുപത്രി മാനേജ്മെന്റിനെ ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിച്ചു. നിക്ഷേപം തിരിച്ച് ആവശ്യപ്പെട്ടവര്‍ക്ക് നല്കിയ ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനും കഴിയുന്നില്ല. രണ്ടായിരത്തോളം നിക്ഷേപകരുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ 300ലധികംപേര്‍ അംഗമായ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ അമ്പതോളംപേർ പരാതി നൽകിയിട്ടുണ്ട്. കേസെടുത്തെങ്കിലും കൂടുതല്‍ പരാതിക്കാരുണ്ടെങ്കില്‍ അതുകൂടി ലഭിച്ചശേഷം ഒരുമിച്ച് അന്വേഷണം നടത്താമെന്നാണ് പൊലീസ് അറിയിച്ചതെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഐ.കെ. മോഹന്‍, വിജയലക്ഷ്മി മോഹന്‍, ബിന്ദു ബാബു, കെ. ആഷിക്ക്, കെ. മുഹമ്മദ് ബഷീര്‍, അബ്ബാസ്, പി. ദേവദാസ്, ഒ.എം. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാൽ, കോവിഡ് മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.