ഭാര്യയെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരൻ
text_fieldsമണ്ണാര്‍ക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഷോളയൂര്‍ പഞ്ചായത്തിലെ തേക്കുമുക്കി ഉന്നതിയിലെ വള്ളി (40) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് രങ്കസ്വാമിയെ (64) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ വ്യാഴാഴ്ച മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ വിധി പറയും. 2014 ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ രങ്കസ്വാമി ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് ചുറ്റികയും വടിയും ഉപയോഗിച്ച് വള്ളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും പ്രതി മുതിര്‍ന്നില്ല. പരിസരവാസികളെത്തിയപ്പോള്‍ പരിക്കേറ്റും വായില്‍നിന്ന് രക്തമൊലിച്ചും മരിച്ചനിലയില്‍ കിടക്കുന്ന വള്ളിയെയാണ് കണ്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
രാത്രിയില്‍ മദ്യപിച്ചെത്തിയ വള്ളി മരച്ചുവട്ടില്‍ വീണുകിടക്കുകയായിരുന്നുവെന്നും ഇതുകണ്ട് ദേഷ്യംവന്നപ്പോള്‍ വീടിനകത്തെത്തിച്ച് വടിയെടുത്ത് അടികൊടുത്തെന്നുമാണ് രങ്കസ്വാമി സമീപവാസികളോട് പറഞ്ഞത്.
ഷോളയൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് രങ്കസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 45 മുറിവുകളാണ് മരിച്ച വള്ളിയുടെ ശരീരത്തിലുണ്ടായിരുന്നത്. അടിക്കാനുപയോഗിച്ച ചുറ്റികയില്‍ വള്ളിയുടെ മുടി പറ്റിപിടിച്ചിരുന്നത് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തിയതും നിര്‍ണായകമായി. പ്രതി വീടിനുള്ളില്‍ മടക്കിവെച്ചിരുന്ന വസ്ത്രങ്ങളില്‍ രക്തക്കറ കണ്ടെത്തിയതും അന്വേഷണത്തെ സഹായിച്ചു.
29 സാക്ഷികളില്‍ 20 പേരെ വിസ്തരിച്ചു. അന്നത്തെ അഗളി സി.ഐ കെ.സി. ബിനുവാണ് കേസ് അന്വേഷിച്ചത്. പിന്നീട് വന്ന സി.ഐ പി.എം. മനോജും തുടരന്വേഷണം നടത്തി. അഗളി ഡിവൈ.എസ്.പിയായിരുന്ന കെ.എം. ദേവസ്യയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.