കുരുത്തിചാലിൽ ഒഴുക്കിൽപെട്ടവരെ കണ്ടെത്താനായില്ല; തിരച്ചിലിനായി കേന്ദ്രസേന
text_fieldsമണ്ണാർക്കാട്: കുരുത്തിചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാക്കൾക്കുള്ള തിരച്ചിൽ രണ്ടുദിവസം പിന്നിട്ടു. ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ ഉൾപ്പെടെ 500ഒാളം വരുന്ന സംഘം പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
തിരച്ചിലിനായി കേന്ദ്ര സംഘമായ എൻ.ഡി.ആർ.എഫ് ശനിയാഴ്ച കുരുത്തിച്ചാലിലെത്തും. സ്ഥലം സന്ദർശിച്ച അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി ബന്ധപ്പെടുകയും തുടർന്ന് മന്ത്രി കേന്ദ്ര സംഘത്തെ അയക്കാമെന്നറിയിക്കുകയുമായിരുന്നു. പെട്ടിമുടിയിൽ തിരച്ചിലിനായി എത്തി ഇപ്പോൾ തൃശൂരിൽ ക്യാമ്പ് ചെയ്യുന്ന സംഘമാണ് എത്തുക.
ബുധനാഴ്ച വൈകുേന്നരമുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിലാണ് കാടാമ്പുഴ കരേക്കാട് ചിത്രംപള്ളി സ്വദേശികളായ വെട്ടികാടൻ വീട്ടിൽ ഗിയാസുദ്ദീെൻറ മകൻ ഇർഫാൻ അഹമ്മദ് (20), പുതുവള്ളി കുട്ടിയസ്സെൻറ മകൻ മുഹമ്മദലി (23) എന്നിവരെ കാണാതായത്.
അപകടം നടന്ന കുരുത്തിച്ചാൽ മുതൽ പോത്തോഴികാവ് കടവ് വരെ ഏകദേശം ആറ് കിലോമീറ്ററിലധികം വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ നടത്തി. അപകടസ്ഥലത്തും താഴേക്കും പുഴയിൽ വലിയ പാറക്കൂട്ടങ്ങളാണ്. ഈ ഭാഗത്തായി എവിടെയെങ്കിലും കുരുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാൻ കഴിയാത്ത തരത്തിലാണ് പുഴയിലെ ഒഴുക്ക്. മഴ ശക്തമായി തുടരുന്നതും തടസ്സമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.