കല്യാണ പന്തലല്ല, മാതൃക പോളിങ് സ്റ്റേഷൻ
text_fieldsമണ്ണാര്‍ക്കാട്: പനയോലകളാൽ അലങ്കരിച്ച് ഇരുവശവും മയിലുകൾ സ്വാഗതമേകുന്ന കവാടം, വെയിൽ കൊള്ളാതിരിക്കാൻ തുണി കൊണ്ട് പന്തൽ... വോട്ട് ചെയ്യാനെത്തുന്നവർ ആദ്യമൊന്ന് ആശയക്കുഴപ്പത്തിലാകും, എത്തിയത് കല്യാണ പന്തലിലാണോയെന്ന്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ചങ്ങലീരി എ.യു.പി സ്കൂളിലെത്തിയ വോട്ടര്‍മാര്‍ക്ക് മാതൃക പോളിങ് സ്റ്റേഷന് കൗതുകവും വിസ്മയവുമായി. ഹാളിലേക്കുള്ള വഴിയില്‍ പനയോലയാൽ കുംഭങ്ങളും അതിനുമുകളിൽ തെങ്ങിന് പൂങ്കുലകളും. കെട്ടിടത്തിന്റെ വശങ്ങളില് തൂക്കിയിട്ട കുരുത്തോലകളും പൂക്കളും. കുടിക്കാന്‍ വെള്ളം, കഴിക്കാന്‍ മധുരം.
തീര്‍ത്തും ഹരിതമാതൃകയില്‍ തീര്‍ത്ത മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഇത്തവണ തെരഞ്ഞെടുപ്പ് കാഴ്ചകളിലെ കൗതുകമായി. മണ്ഡലത്തില്‍ അഞ്ചിടത്താണ് മാതൃകാ ബൂത്തുകളുള്ളത്. ഇതില്‍ നാലെണ്ണം മണ്ണാര്‍ക്കാടും ഒന്ന് അട്ടപ്പാടിയിലുമാണ്. വോട്ടുചെയ്യാന്‍ നല്ല അന്തരീക്ഷവും സൗകര്യങ്ങളുമൊരുക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാതൃകാ പോളിങ് സ്റ്റേഷന് തയാറാക്കിയിരിക്കുന്നത്.
പത്തിരിപ്പാല: മണ്ണൂരിലെ മാതൃക പോളിങ് സ്റ്റേഷനും വേറിട്ട കാഴ്ചയായി. പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് മണ്ണൂർ പഞ്ചായത്തിലെ കിഴക്കുംപുറം സ്കൂളിലെ 129ാം ബൂത്ത് മാതൃക പോളിങ് സ്റ്റേഷനാക്കിയത്. വോട്ടർമാർക്ക് ഇരിപ്പിടങ്ങൾ, വെയിലേൽക്കാതിരിക്കാൻ തുണി പന്തൽ, ദാഹമകറ്റാൻ നാരങ്ങാവെള്ളം, അജൈവ മാലിന്യ പെട്ടി, വയോധികർക്കും രോഗികൾക്കും വോട്ട് ചെയ്യാൻ രണ്ടു വീൽചെയർ എന്നിവ ഒരുക്കിയിരുന്നു. 397 പുരുഷ വോട്ടർമാരും 440 സ്ത്രീവോട്ടർമാരുമടക്കം 837 പേരാണ് ആകെ വോട്ടർമാർ. ബി.എൽ.ഒയായി ധനലക്ഷ്മിയുമുണ്ട്. രാവിലെ മുതൽ ഉച്ചവരെയും വോട്ടർമാരുടെ നീണ്ട തിരക്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.