പോത്തൊഴികടവ് പാലം; പ്രതീക്ഷയേകി പൊതുമരാമത്ത് വകുപ്പ്
text_fieldsമണ്ണാര്‍ക്കാട്: കുന്തിപ്പുഴക്ക് കുറുകെ പോത്തോഴിക്കടവില്‍ പാലം വരുന്നതിനുള്ള നാടിന്റെ കാത്തിരിപ്പിന് പ്രതീക്ഷയേകി പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍. പാലത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗം ഷമീര്‍ തെക്കേക്കര നവകേരള സദസ്സില്‍ നിവേദനം നല്‍കിയിരുന്നു.
നിര്‍ദിഷ്ട സ്ഥലത്ത് പാലം നിര്‍മിക്കേണ്ടത് സര്‍ക്കാർ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാൻ നടപടിയെടുക്കാമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ മറുപടി നല്‍കിയത്. അതേസമയം സ്ഥലം പഞ്ചായത്തിന്റെ അധീനതയിലായതിനാല്‍ ഇത് വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്.
കുമരംപുത്തൂര്‍ പഞ്ചായത്തിനെയും മണ്ണാര്‍ക്കാട് നഗരസഭയെയും ബന്ധിപ്പിച്ച് കുന്തിപ്പുഴക്കു കുറുകെ പോത്തോഴിക്കടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണ്ണാര്‍ക്കാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും കുമരംപുത്തൂര്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ ആളുകള്‍ക്ക് പഞ്ചായത്തിലേക്കും വില്ലേജിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനും പാലം യാഥാര്‍ഥ്യമാകുന്നതിലൂടെ സാധിക്കും.
നിലവില്‍ മണ്ണാര്‍ക്കാട് വഴി ചുറ്റിയും തടയണക്കു മുകളിലൂടെ നടന്നുമാണ് ജനങ്ങളുടെ യാത്ര. കുമരംപുത്തൂര്‍, കോട്ടോപ്പാടം, കോട്ടപ്പുറം ഭാഗത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും യാത്രാദുരിതം നേരിടുകയാണ്.
മഴക്കാലത്ത് കുമരംപുത്തൂര്‍ ഭാഗത്ത് നിന്നുള്ളവർ പോര്‍ക്കൊരിക്കല്‍ ക്ഷേത്രത്തിലെത്തിച്ചേരാനും പ്രയാസം അനുഭവിക്കുന്നു. പുഴയുടെ ഇരുകരയിലും സഞ്ചാരയോഗ്യമായ പാതകളുമുണ്ട്.
പാലം നിര്‍മിച്ചാല്‍ ദേശീയപാതയില്‍ കോടതിപ്പടിക്കും മേലേചുങ്കം ജങ്ഷനുമിടയില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കും പെരിന്തല്‍മണ്ണ, കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയിലേക്കും എത്തിച്ചേരാൻ ബദല്‍മാര്‍ഗം കൂടിയാകും. മാത്രമല്ല, നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പെരിമ്പടാരി പ്രദേശത്തിന്റെ വികസനത്തിനും വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.