വസ്തു തർക്കം: സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾക്ക് തടവും പിഴയും
text_fieldsമണ്ണാർക്കാട്: വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസിയും ബന്ധുവുമായ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ രണ്ട് പ്രതികൾക്ക് തടവും പിഴയും. വിവിധ വകുപ്പുകളിലായി 17 വർഷവും നാലു മാസവും തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് മണ്ണാർക്കാട് ജില്ല സ്പെഷ്യൽ കോടതി ജോമോൻ ജോൺ വിധിച്ചത്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തിരുവിഴാംകുന്ന് കരടിയോട് കോളനിവാസിയായ സുജാതയാണ് (40) ആക്രമണത്തിനിരയായത്. കേസിൽ അയൽവാസികളും ബന്ധുക്കളുമായ തിരുവിഴാംകുന്ന് കരടിയോട് കോളനിയിലെ കാടൻ (59), മക്കളായ ചാത്തൻ (27), സുനിൽ (23) എന്നിവരായിരുന്നു പ്രതികൾ. വിചാരണക്കിടെ ഒളിവിൽ പോയ കാടൻ ഇപ്പോഴും ഒളിവിലാണ്. 2015 മാർച്ച് 27നാണ് സംഭവം.
പ്രതികളുമായുള്ള വസ്തു തർക്കത്തിന്റെ പേരിലാണ് മരവടി, മടവാൾ എന്നിവയുമായി അക്രമിച്ചത്. തടയാൻ ചെന്ന സുജാതയുടെ സഹോദരന്മാരായ മാതൻ, ചെറിയ കുറുമ്പൻ എന്നിവരെയും ആക്രമിച്ചിരുന്നു.
മണ്ണാർക്കാട് എസ്. ഐ ആയിരുന്ന ബഷീർ ചിറക്കലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ പിഴ അടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണം. പ്രതികൾ പിഴ അടക്കുന്ന പക്ഷം കേസിൽ പരിക്ക് പറ്റിയവർക്ക് അമ്പതിനായിരം രൂപ വീതം നഷ്ടപരിഹാരമായി നൽകുവാനും വിധിച്ചു. പ്രൊസിക്യൂസിനായി അഡ്വ.പി. ജയൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.