പരിക്കിന് വിട; ജഗദീഷ് വീണ്ടും കർമപഥത്തിൽ
text_fieldsമണ്ണാര്‍ക്കാട്: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആരോഗ്യനില വീണ്ടെടുത്ത തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. ജഗദീഷ് തിരികെ ജോലിയില്‍ പ്രവേശിച്ചു. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലെത്തിയ ജഗദീഷിനെ ഡി.എഫ്.ഒ സി. അബ്ദുല്ലത്തീഫ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ഡിവിഷനിലെ റെയ്ഞ്ച് ഓഫിസര്‍മാരും മറ്റ് ജീവനക്കാരും പങ്കെടുത്തു.
കഴിഞ്ഞ ജൂലൈ 11നാണ് ജഗദീഷിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേക്കളം തോട്ടപ്പായിക്ക് സമീപത്തായിരുന്നു സംഭവം. വനപാലകരും ആര്.ആര്.ടിയും ചേര്‍ന്ന് കാട്ടാനകളെ തുരത്തുന്നതിനിടെ കൊമ്പനാന പാഞ്ഞടുക്കുകയായിരുന്നു. മറ്റുള്ളവര്‍ ചിതറിഓടിയപ്പോള് ജഗദീഷും ഫോറസ്റ്റ് വാച്ചര്‍ സുധീഷും വീണു. തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാറക്കെട്ടിലേക്ക് വീണ ജഗദീഷിന്റെ നാല് വാരിയെല്ലുകള്‍ക്കും തോളെല്ലിനും പൊട്ടലുണ്ടായി. ഈ വര്‍ഷം രണ്ടാംവട്ടമായിരുന്നു വനപാലകര്‍ക്ക് നേരെയുള്ള കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ജനുവരി 25ന് കാഞ്ഞിരംകുന്നില്‍ വെച്ച് വനപാലകരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ മൂന്നുപേര്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. അന്നും ജഗദീഷിന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്.
പരിക്കേറ്റ ജഗദീഷ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ആഴ്ചയോളം ചികിത്സയിലായിരുന്നു.
ആശുപത്രി വിട്ട ശേഷം മൂന്ന് മാസത്തോളം തുടർ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് ജോലിയിൽ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.