മൂന്നു കോടിയുടെ പദ്ധതി സർക്കാറിന് മുന്നിൽ തോരാപുരം പാലം അപ്രോച്ച് റോഡ്
text_fieldsമണ്ണാര്‍ക്കാട്: നെല്ലിപ്പുഴക്ക് കുറുകെയുള്ള തോരാപുരം പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിങ് നീളുന്നു. ഇതിനായി മൂന്ന് കോടി രൂപയുടെ പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്. അപ്രോച്ച് റോഡ് ഉപരിതലം ടാറിങ്, പാലം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഭാഗങ്ങളില്‍ ഇരുവശത്തുമായി പുഴസംരക്ഷണ ഭിത്തികള്‍, കടവ് എന്നി നിര്‍മിക്കുന്നതിനുള്ള ശിപാര്‍ശയാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നേരത്തെ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്.
300 മീറ്ററോളം ദൂരത്തില്‍ 11 മീറ്റര്‍ വീതിയുള്ള റോഡ് നിലവില്‍ മണ്ണിട്ട് നിരത്തി മുകളില്‍ ജി.എസ്.ബി മിശ്രിതമിട്ട് ഉപരിതലം പരുവപ്പെടുത്തിയ നിലയിലാണ്. ഇതിന് മുകളില്‍ ബി.എം ബി.സി ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. ഇതിനുള്ള ഫണ്ട് ലഭ്യമാകാത്തതാണ് പ്രവൃത്തികള്‍ വൈകാൻ കാരണമെന്നറിയുന്നു. ടാറിങ് നടപടികള്‍ പൂര്‍ത്തിയായാല്‍ നഗരത്തിലേക്കുള്ള പ്രവേശനഭാഗമായ നൊട്ടമല, പ്രധാന ജംങ്ഷനായ ആശുപത്രിപ്പടി തുടങ്ങിയവടങ്ങളില്‍ ഗതാഗതകുരുക്കുണ്ടാകുമ്പോള് അപ്രോച്ച് റോഡുവഴി വാഹനങ്ങൾ കടത്തിവിടാനാകും. മാത്രമല്ല പള്ളിക്കുറുപ്പ്, കോങ്ങാട് റോഡിലേക്കും ചേലേങ്കര വഴി ദേശീയപാതയിലെ നൊട്ടമലയിലേക്കുമെല്ലാം എളുപ്പത്തില്‍ എത്താനും സാധിക്കും. തിങ്കളാഴ്ച നൊട്ടമലയിറങ്ങി വന്ന ട്രെയിലര്‍ ലോറി നിയന്ത്രണം വിട്ട് ചേലേങ്കര റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്ന് രണ്ടു ദിവസത്തോളം ചേലേങ്കര റോഡിലൂടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളിന് അവധി നല്‍കേണ്ടിയും വന്നു. ചേലേങ്കരയില്നിന്നുള്ള റോഡും ആശുപത്രിപ്പടിയില്‍ നിന്നും തോരാപുരത്തേക്കുള്ള റോഡും പാലവുമായി ബന്ധിപ്പിക്കുന്നതാണ്. ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്താൻ നിര്‍മിച്ച പാലം പൂര്‍ണമായി പ്രയോജനപ്പെടണമെങ്കില്‍ അപ്രോച്ച് റോഡിലെ ടാറിങ് കൂടി വേഗത്തില്‍ നടത്തണമെന്നാണ് പ്രദേശത്തുകാര്‍ ആവശ്യപ്പെടുന്നത്.
തോരാപുരത്തിന്റെ ചിരകാല അഭിലാഷമായ പാലത്തിന്റെ നിര്‍മാണം ഒന്നരവര്‍ഷം മുമ്പാണ് പൂര്‍ത്തിയായത്. മഴക്കാലത്ത് നെല്ലിപ്പുഴയില്‍ ജലനിരപ്പുയരുമ്പോള്‍ പ്രദേശവാസികള്‍ക്ക് പുഴക്ക് അക്കരെയുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 2014ല്‍ പാലം വേണമെന്ന നിര്‍ദേശം എന്‍. ഷംസുദ്ദീന് എം.എല്‍.എ സര്‍ക്കാറിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണത്തിന് നടപടിയായത്. ആറ് കോടി ചെലവില്‍ ഒരു ഭാഗത്ത് നടപ്പാതയോടെ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാവുന്ന തരത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.