വിദ്യാലയങ്ങൾ തുറന്നു അട്ടപ്പാടിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവിസ്
text_fieldsമണ്ണാര്‍ക്കാട്: വിദ്യാലയങ്ങൾ തുറന്നതോടെ തിരക്ക് കണക്കിലെടുത്ത് അട്ടപ്പാടിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സര്‍വിസ് അനുവദിച്ചു. ബുധനാഴ്ച മുതലാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. രാവിലെ 7.20ന് മണ്ണാര്‍ക്കാട്ടുനിന്ന് പുറപ്പെട്ട് 9.40ഓടെ ആനക്കട്ടിയിലെത്തുന്ന രീതിയിലാണ് സര്‍വിസ്. രാവിലെ 10.10ന് ആനക്കട്ടിയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് ഈ ബസ് മണ്ണാര്‍ക്കാട് തിരിച്ചെത്തും. രണ്ടാം സര്‍വിസ് ഉച്ചക്ക് 2.20ന് മണ്ണാര്‍ക്കാട്ടുനിന്ന് കോട്ടത്തറ വരെയായിരിക്കും. ഇവിടെ നിന്ന് 4.30ഓടെ പുറപ്പെട്ട് 6.40ഓടെ മണ്ണാര്‍ക്കാട് എത്തും. മണ്ണാര്‍ക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസാണ് അട്ടപ്പാടിയിലേക്ക് റൂട്ട് മാറ്റിയത്. അഞ്ച് മാസത്തിലധികം മണ്ണാര്‍ക്കാട്-ഗുരൂവായൂര്‍ റൂട്ടില്‍ നടത്തിയ സര്‍വിസ് ലാഭകരമാകാത്ത സാഹചര്യത്തില്‍ റൂട്ട് മാറ്റാന്‍ കോര്‍പറേഷനില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഈ ബസ് അട്ടപ്പാടിയിലേക്ക് മാറ്റി ഓടിക്കാൻ തീരുമാനിച്ചത്.
പൊതുവേ സ്കൂള്‍, ഓഫിസ് സമയത്ത് രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അട്ടപ്പാടി റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ബസുകളില്‍ അനുഭവപ്പെടാറുള്ളത്. നിലവില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് എട്ട് സര്‍വിസുണ്ട്. രാവിലെ 6.30, 6.45, ഏഴ് മണി എന്നീ സമയങ്ങളിലും തുടര്‍ന്ന് പത്ത് മിനിറ്റ് ഇടവേളയില്‍ എട്ട് വരൊണ് ആനക്കട്ടിയിലേക്ക് സര്‍വിസുള്ളത്. ഇക്കൂട്ടത്തിലേക്കാണ് പുതിയ സര്‍വിസ് കൂടിയെത്തുന്നത്. ഉച്ചക്ക് 2.40 മുതലുള്ള മടക്ക സര്‍വിസുകളെയും വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നുണ്ട്. 3.10, 3.30, 3.50, 4.10, 4.40, 5.10, 5.30 വരെയാണ് അട്ടപ്പാടിയില്‍നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള മടക്ക സര്‍വിസുള്ളത്. പുതിയ സര്‍വിസ് രാവിലെയും വൈകീട്ടുമുള്ള തിരക്ക് കുറക്കാന്‍ സഹായിക്കുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.