ഉദ്യോഗസ്ഥർ കുറവ്; മോട്ടോർ വാഹന വകുപ്പിന് തലവേദന
text_fieldsമണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹനവകുപ്പ് ഓഫിസില്‍ പ്രധാന ഉദ്യോഗസ്ഥരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതും അത്യാവശ്യ സേവനങ്ങൾക്ക് സഞ്ചരിക്കാന്‍ ആവശ്യത്തിന് വാഹനമില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു. മണ്ണാർക്കാട് ഓഫിസിൽ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടമാര്‍ വേണ്ടിടത്ത് ഒരു ഉദ്യോഗസ്ഥനാണുള്ളത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നാലുപേര്‍ വേണ്ടിടത്ത് രണ്ടുപേരാണുള്ളത്. കോടതിപ്പടി മിനി സിവില്‍ സ്റ്റേഷനിലാണ് ജോ. ആര്.ടി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ കുറവ് ഓഫിസില്‍നിന്നുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും കാലതാമസം വരുത്തുന്നുണ്ട്.
വാഹന പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ ലഭ്യമാക്കുന്നതിനുമായി അവധിയെടുക്കാതെ ജോലിചെയ്യേണ്ട സാഹചര്യമാണ് ജോ. ആര്.ടി.ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക്. ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത് വാഹനത്തിന്റെ അഭാവമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനത്തിന്റെ 15 വര്‍ഷ കാലാവധി കഴിഞ്ഞതോടെ ഇത് നിര്‍ത്തിയിട്ടു.
അഞ്ചുമാസമായി മറ്റു സമാന്തര സര്‍വിസുകളെ ആശ്രയിച്ചാണ് ഉദ്യോഗസ്ഥരുടെ യാത്ര. ടൗണ്‍ പരിധി കഴിഞ്ഞാല്‍ വാഹനപരിശോധനക്ക് പോകാന്‍ ബുദ്ധിമുട്ടുകയാണിവര്‍. വാഹനാപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി സംഭവത്തിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നുള്ളതിനാല്‍ ബസിലും ഓട്ടോയിലുമെല്ലാം യാത്ര ചെയ്താണ് ജോലി നിര്‍വഹിക്കുന്നത്.
മണ്ണാര്‍ക്കാടിനു പുറമെ കല്ലടിക്കോട്, നാട്ടുകല്‍, ഷോളയൂര്‍, പുതൂര്‍, അഗളി ഭാഗങ്ങള്‍ മണ്ണാര്‍ക്കാട് ജോ. ആര്.ടി ഓഫിസിന് കീഴിലാണുള്ളത്. അട്ടപ്പാടിയുടെ വിവിധ മേഖലകളില്‍ വാഹനാപകടങ്ങള്‍ സംഭവിച്ചാലും കിലോമീറ്ററുകള്‍ യാത്ര ചെയ്തുവേണം ഇവര്‍ക്കെത്താന്‍. ദൂരസ്ഥലങ്ങളിലേക്ക് ബസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അട്ടപ്പാടിയിലുള്ളവരുടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിലവില്‍ മണ്ണാര്‍ക്കാട്ടാണ് നടത്തുന്നത്. വാഹനം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.