ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കും
text_fieldsമണ്ണാര്‍ക്കാട്: ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കാന്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഡിവിഷന് തലത്തില്‍ തയാറാക്കിയ വിശദമായ പ്രൊപ്പോസല്‍ അനുമതിക്കായി ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിക്കും.
മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെയും ഇതിന് കീഴിലുള്ള വനസംരക്ഷണ സമിതികളുടെയും വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനുമായാണ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നത്.
വനംവകുപ്പിന് പുറമെ റവന്യൂ, എക്സൈസ്, കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികളും തെരഞ്ഞെടുത്ത വനസംരക്ഷണ സമിതി പ്രസിഡന്റുമാരും ഉള്‍ക്കൊള്ളുന്നതാണ് മണ്ണാര്‍ക്കാട് വനം വികസന ഏജന്‍സിയുടെ 22 അംഗ എക്സിക്യുട്ടിവ് കമ്മിറ്റി. ഇന്നലെ മണ്ണാര്‍ക്കാട് ഡിവിഷന് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ 19 അജണ്ടകള്‍ ചര്‍ച്ച ചെയ്തു. കോട്ടോപ്പാടം പഞ്ചായത്തിലെ സൗരോര്‍ജ തൂക്കുവേലി പരിചരണ പ്രവൃത്തികള്‍ക്ക് വാച്ചര്‍മാരെ നിയോഗിക്കാൻ യോഗം അംഗീകാരം നല്കി.
ദിവസവേതന വാച്ചര്‍മാര്‍ക്ക് വേതനം നല്‍കാനും വകുപ്പിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കാനും അടിയന്തര ഘട്ടങ്ങളില്‍ ഡിവിഷന് പ്രവര്‍ത്തനങ്ങള്‍ക്കും എഫ്.ഡി.എയില്‍നിന്ന് തുക വായ്പ നല്‍കാം.
കാഞ്ഞിരപ്പുഴ, തൊടുകാപ്പ് ഇക്കോ ഷോപ്പുകള്‍ക്കും വനശ്രീ ഇക്കോഷോപ്പ് വ്യാപാര പദ്ധതിക്കും അംഗീകാരം നല്കി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ സി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എഫ്.ഡി.എ കോഓഡിനേറ്റര്‍ വി.പി. ഹബ്ബാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ കെ. മനോജ്, വി.പി. ഹബ്ബാസ്, സക്കീന തുടങ്ങിയവരെ ആദരിച്ചു.
മണ്ണാര്‍ക്കാട് വനമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ സി. സുമേഷ്, വിവിധ വകുപ്പു പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനവികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹകരണവും മറ്റ് വകുപ്പ് പ്രതിനിധികള്‍ ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.