വിദ്യാർഥികളെത്തിയിട്ടും സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരില്ല
text_fieldsമണ്ണാർക്കാട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏഴുമാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം നേരിടുന്നത് പഠനം പ്രതിസന്ധിയിലാക്കുന്നു.
സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടര്പ്രവര്ത്തനത്തിനും മാതൃകാപരീക്ഷകള്ക്കുമായാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികള്ക്ക് ക്ലാസ് റൂം പഠനം പുനരാരംഭിച്ചത്.
നടപ്പ് അധ്യയനവർഷത്തിൽ അധ്യാപകരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാൽ സർക്കാർ സ്കൂളുകളിൽ പലയിടത്തും ചില വിഷയങ്ങൾ പഠിപ്പിക്കാനാളില്ല.
ശാസ്ത്രവിഷയങ്ങളിലാണ് ഒഴിവുകളേറെ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാലയങ്ങൾ പൂർണമായും തുറന്നുപ്രവർത്തിക്കാത്തതിനാൽ ദിവസവേതനാടിസ്ഥാനത്തിൽപോലും അധ്യാപകനിയമനങ്ങൾ നടത്താനാകില്ലെന്നാണ് അധികൃതർ പറയുന്നത്. വിരമിച്ചവരെയും പ്രൈമറി വിഭാഗത്തിൽനിന്നുള്ള യോഗ്യരായ അധ്യാപകരെയും ഇതിനായി വിനിയോഗിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദേശം.
എന്നാൽ, മിക്കയിടത്തും കോവിഡ് പശ്ചാത്തലത്തിൽ വിരമിച്ച അധ്യാപകരെയും ഒഴിവുള്ള തസ്തികകൾക്ക് അനുയോജ്യരായ പ്രൈമറി അധ്യാപകരെയും കിട്ടാനില്ല. പൊതുപരീക്ഷകൾ മാർച്ചിൽ തുടങ്ങാനിരിക്കെ വേണ്ടത്ര പഠനപിന്തുണ ലഭ്യമല്ലാത്ത അവസ്ഥയിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് പി.എസ്.സി നിയമനം ത്വരിതപ്പെടുത്തണമെന്നും അധ്യാപകരുടെ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി നിയമാനുസൃതം തയാറാക്കിയ നിലവിലുള്ള പട്ടിക പ്രാബല്യത്തിലാക്കുകയോ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള നടപടിയോ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.