വേനലെത്തുന്നു; തടയണം, കാട്ടു തീ
text_fieldsമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, സൈലന്റ്വാലി വനം ഡിവിഷന് പരിധിയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള അടിക്കാട് വെട്ടിത്തെളിക്കല്‍, ഫയര്‍ ബ്രേക്കര്‍, ഫയര്‍ലൈന്‍ സ്ഥാപിക്കല്‍, നിയന്ത്രണവിധേയമായി കത്തിക്കല്‍, ഇതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ നിന്നും കരിയിലകളും മറ്റും നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തുന്നത്.
മണ്ണാര്‍ക്കാട് വനംഡിവിഷന് കീഴില്‍ 40 താല്‍ക്കാലിക വാച്ചര്‍മാര്‍, സൈലന്റ്വാലി ഡിവിഷനില്‍ 30 വാച്ചര്‍മാർ എന്നിങ്ങനെ നിയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് നിരീക്ഷണം നടത്താൻ താൽക്കാലിക ഷെഡ്ഡുകളും തയാറാക്കും. കൂടാതെ പ്രാദേശിക ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്താനുമാണ് വനംവകുപ്പിന്റെ നീക്കം. ഇതിനായി യോഗങ്ങളും വിളിക്കും. അഗ്നിരക്ഷാ സേനയുടെ സഹകരണത്തോടെ കാട്ടുതീ ബോധവത്കരണ ക്ലാസുകളും നടത്തി.
ആനമൂളി, പാലക്കയം, തിരുവിഴാംകുന്ന്, അട്ടപ്പാടി, അഗളി, പുതൂര്‍, ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് കീഴിലും സൈലന്റ്വാലി ഡിവിഷനിലെ കരുതല്‍ മേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ഫയര്‍ ലൈന്‍ സ്ഥാപിക്കലടക്കം കരാര്‍ നല്കി നടത്തിയിരുന്നു.
ഫണ്ടിന്റെ അപര്യാപ്തത മൂലം ഇത്തവണ വാച്ചര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 60 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇത്തവണ ഫയര്‍ലൈന്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്യമായ തോതില്‍ കാട്ടുതീ നാശം വിതച്ചിട്ടില്ല. അട്ടപ്പാടിയിലെ പുതൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തെങ്കര ആനമൂളിയിലെ നേര്‍ച്ചപ്പാറ ഭാഗത്ത് കാട്ടുതീയില്‍ ഒന്നര ഹെക്ടര്‍ സ്ഥലത്തെ അടിക്കാട് കത്തിനശിച്ചിരുന്നു.
വന്യജീവികള്‍ക്കും കാടിനും നാശനഷ്ടങ്ങളുണ്ടാകും മുമ്പേ തീ കണ്ടെത്താനും പൂര്‍ണമായി കെടുത്താനും സാധിച്ചിരുന്നു. കാട്ടുതീ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനായി കണ്ട്രോള് റൂമുകള്‍ പ്രവർത്തനം ആരംഭിച്ചതായി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ യു. ആഷിക്ക് അലി അറിയിച്ചു. മണ്ണാര്‍ക്കാട് (8547602311), മുക്കാലി(8547602308), കല്ക്കണ്ടി (8547602309) എന്നീ റെയ്ഞ്ച് ഓഫിസുകളിലാണ് കണ്ട്രോള് റൂമുകള്‍.
ചെർപ്പുളശ്ശേരിക്ക് വേണം, ഫയർ സ്റ്റേഷൻ
ചെർപ്പുളശ്ശേരി: വേനൽ കനത്തതോടെ അന്തരീക്ഷച്ചൂട് കൂടിയ സാഹചര്യത്തിൽ തീപിടിത്ത സാധ്യത കൂടി. വ്യാഴാഴ്ച ഒറ്റപ്പാലം റോഡിലെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം തലനാരിഴക്കാണ് വൻ ദുരന്തത്തിൽനിന്ന് ഒഴിവായത്. സമീപകടകളിൽ നിന്നുള്ള അഗ്നിശമന ഉപകരണങ്ങൾ കൊണ്ടുവന്നാണ് തീ കെടുത്തിയത്. ചൂട് കനത്തതോടെ ഹോട്ടലുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗകളിൽനിന്നാണ് തീ പടരുന്നത്.
കഴിഞ്ഞ മാസങ്ങളിൽ ടൗണിലെ വലിയ കടയിലുണ്ടായ തീപിടിത്തവും സിനിമാ തീയറ്ററിലെ തീപിടിത്തവും വ്യാപകമായ നഷ്ടവും ഭീതിയും ഉണ്ടാക്കിയിരുന്നു. ടൗണിലെ സമീപ പ്രദേശത്തോ തീപിടുത്തമുണ്ടായാൽ ഷൊർണൂരിൽനിന്ന് അഗ്നിശമനവിഭാഗം വരേണ്ടതുണ്ട്.
ഇതിന് മണിക്കൂറുകളെടുക്കുന്നതിനാൽ നാശനഷ്ടം വ്യാപകമാകാറാണ് പതിവ്. ചെർപ്പുളശ്ശേരിയിൽ ഫയർ സ്റ്റേഷൻ ഉടൻ അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി നഗരസഭ കൗൺസിലർ പി. അബ്ദുൽ ഗഫൂർ ആവശ്യപ്പെട്ടു. കൂടാതെ പാചകവാതകം ഉപയോഗിക്കുന്ന കടകളിൽ അഗ്നിഗമന ഉപകരണങ്ങൾ നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.