വേനല്‍ക്കാല വൈദ്യുതി പ്രതിസന്ധി; മണ്ണാര്‍ക്കാട്ട് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നു
text_fieldsമണ്ണാര്‍ക്കാട്: പുതിയൊരു ട്രാന്‍സ്ഫോര്‍മര്‍ കൂടി സ്ഥാപിച്ച് മണ്ണാർക്കാട്ടെ വേനൽക്കാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പിന്റെ പദ്ധതി. കഴിഞ്ഞവേനലില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് നേരിട്ടത്. നെല്ലിപ്പുഴ ആണ്ടിപ്പാടത്തുള്ള 110 കെ.വി സബ്സ്റ്റേഷനിലാണ് 10 മെഗാവാട്ട് ആമ്പിയര്‍ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ നടന്നുവരികയാണ്. രണ്ടുകോടിയോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്. കഴിഞ്ഞവേനലിൽ പാലക്കാട് ജില്ലയില്‍ വൈദ്യുതി ഉപഭോഗം ഏറ്റവും കുതിച്ചുയര്‍ന്നത് മണ്ണാര്‍ക്കാടായിരുന്നു.
ഓവര്‍ലോഡ് മൂലം സബ്സ്റ്റേഷനിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. അന്ന് നാല് പവര്‍ കേബിളുകള്‍ കത്തിനശിച്ചതിലൂടെ കെ.എസ്.ഇ.ബിക്ക് പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടവുമുണ്ടായി. ഇതേ തുടര്‍ന്നാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ കൂടി സ്ഥാപിച്ചാണ് കെ.എസ്.ഇ.ബി പദ്ധതിയിട്ടത്.
നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നഗരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിക്കുന്നതിന് സമാന്തരമായാണ് സബ് സ്റ്റേഷനിലും ട്രാന്‍സ്ഫോര്‍മറിന്റെ ജോലികള്‍ നടക്കുന്നത്. പുതിയ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് 11 കെ.വിയുടെ മൂന്ന് അധിക ഫീഡറുകളാണ് പുറത്തേക്ക് കൊണ്ടുവരിക. ഇതിലൊന്ന് നഗരത്തിലുള്ള ഏരിയല്‍ ബഞ്ച് കേബിളിലേക്കും, മറ്റു രണ്ടെണ്ണം കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി ഭാഗത്തേക്കും, ചങ്ങലീരി ഭാഗത്തേക്കുമുള്ള കവേര്‍ഡ് കണ്ടക്ടര്‍ ശൃംഖലയുമായും ബന്ധിപ്പിക്കും. മണ്ണാര്‍ക്കാടിന് പുറമേ സബ്സ്റ്റേഷന് കീഴില്‍ വരുന്ന കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനും പുതിയപദ്ധതി ഗുണകരമാകും. ഡിസംബറോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
നിര്‍ദിഷ്ട 220 കെ.വി. സബ്സ്റ്റേഷന് മണ്ണാര്‍ക്കാട് യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരമാകുമെന്നാണ് അധികൃതര്‍ നല്കുന്ന പ്രതീക്ഷ. ഇതിന് മുന്നോടിയായുള്ള താൽക്കാലിക പരിഹാരമെന്നോണമാണ് 10 മെഗാവാട്ട് ആമ്പിയറിന്റെ ട്രാന്‍സ്ഫോര്‍മര്‍ സബ്സ്റ്റേഷനില്‍ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.