ബിൽ പാസാക്കുന്നില്ല, ആത്മഹത്യ ഭീഷണിയുമായി കരാറുകാരൻ
text_fieldsമണ്ണാർക്കാട്: അട്ടപ്പാടിയിൽ കെ.എസ്.ഇ.ബിയുടെ കരാർ ജോലികൾ ചെയ്ത വകയിൽ കിട്ടാനുള്ള തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ഭീഷണിയുമായി കരാറുകാരൻ മണ്ണാർക്കാട് എക്സിക്യൂട്ടിവ് എൻജിനിയറുടെ ഓഫിസിൽ. അട്ടപ്പാടി സ്വദേശി സുരേഷ് ബാബുവാണ് പ്രതിഷേധവുമായി എത്തിയത്. ഒന്നര വർഷമായി വിവിധ കരാർ ജോലികൾ തീർത്ത ഇനത്തിൽ ഒരു കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സുരേഷ് ബാബു പറയുന്നത്.
തുക ലഭിക്കാനായി പലതവണ ഓഫിസിൽ കയറിയിറങ്ങിയിട്ടും ബില്ല് പാസ്സാക്കുന്നില്ലെന്നാണ് പരാതി. രാവിലെ പരാതിയുമായി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ബാബു, ഇതിനുശേഷം നേരെ കെ.എസ്.ഇ.ബി ഓഫിസിലെത്തി. ബില്ലുകൾ അനുവദിക്കാത്തത് മൂലം തന്റെ സ്വത്തുക്കൾ ജപ്തി ഭീഷണിയിലാണെന്നും പരിഹാരമായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും സുരേഷ്കുമാർ ഭീഷണി മുഴക്കി. കൈയിൽ കയറുമായി ഓഫിസിനു മുന്നിൽ ഇരിക്കുകയും ചെയ്തു. കയർ കഴുത്തിൽ കെട്ടാനുള്ള ശ്രമം ജീവനക്കാരും മറ്റുള്ളവരും ചേർന്ന് തടയുകയും അനുനയിപ്പിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസെത്തി സുരേഷ് ബാബുവിനെ കൊണ്ട് പോയി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണാർക്കാട് ഡിവിഷനിൽ ഇദ്ദേഹത്തിന്റേതായി 20 ലക്ഷത്തോളം രൂപയുടെ ബില്ലുകളേ എത്തിയിട്ടുള്ളൂ. ഈ ബില്ലുകൾ മാർച്ച് 20നാണ് ഓഫിസിൽ ലഭിച്ചത്. ഇതിൽ നാലു ലക്ഷം രൂപയുടെ ബിൽ അനുവദിച്ചു. ബാക്കിയുള്ളവയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മണ്ണാർക്കാട് എക്സിക്യൂട്ടിവ് എൻജിനിയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.