ഡെപ്യൂട്ടി സ്പീക്കറായ ദിനം, വീട്ടിൽ പൊലീസിനെ കണ്ട് അമ്പരന്ന നേരം
text_fieldsമണ്ണാർക്കാട്: 2006ൽ മണ്ണാർക്കാട് മണ്ഡലത്തിൽനിന്ന് മൂന്നാമങ്കത്തിൽ വിജയിച്ച് നിയമസഭ ഡെപ്യൂട്ടി സ്പീക്കറായ ശേഷം വീട്ടിലെത്തിയപ്പോൾ വീട്ടുപടിക്കൽ തോക്കുമായി നിൽക്കുന്ന പൊലീസിനെ കണ്ട് അമ്പരന്നുപോയ കാലം ഓർത്തെടുക്കുകയാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ജോസ് ബേബി. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലയളവിലാണ് ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കറായത്.
1996ൽ മണ്ണാർക്കാട്ട് കന്നിമത്സരത്തിൽ നിയമസഭ സാമാജികനായി. 2001ൽ പരാജയം. 2006ൽ വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. ഇൗ കാലയളവിലാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് സ്ഥാനമേൽക്കൽ കഴിഞ്ഞു മണ്ണാർക്കാട്ടെത്തി ജനകീയ സ്വീകരണവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തോക്കും പിടിച്ച് വീടിനു മുന്നിൽ നിൽക്കുന്ന രണ്ട് പൊലീസുകാരെ കാണുന്നത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് മനസ്സിലായത് പ്രോട്ടോകോളിെൻറ ഭാഗമായുള്ള പൊലീസ് പ്രൊട്ടക്ഷൻ ആണെന്ന്. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വീട്ടിലെ പ്രൊട്ടക്ഷൻ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു.
കാൽനൂറ്റാണ്ട് മുമ്പ് 1996ൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ ഏറെ ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തി-സാമൂഹിക ബന്ധങ്ങൾ ഏറെ ഗുണം ചെയ്തു. രണ്ടുതവണ തുടർച്ചയായി മണ്ണാർക്കാടിനെ പ്രതിനിധാനം ചെയ്ത മുസ്ലിം ലീഗിലെ കല്ലടി മുഹമ്മദിനെയാണ് പ്രഥമ അങ്കത്തിൽ ജോസ് ബേബി തോൽപിച്ചത്. ഇപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി മണ്ഡലത്തിൽ സജീവമായി ആളുകൾക്കിടയിൽ എത്തുമ്പോൾ ഒരു പതിറ്റാണ്ടിനിപ്പുറവും ആ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിച്ചറിയുന്നുണ്ടെന്ന് ജോസ് ബേബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.