നെല്ലിപ്പുഴ-ആനമൂളി റോഡില്‍ യാത്ര ദുസ്സഹം
text_fieldsമണ്ണാര്‍ക്കാട്: തകർന്ന് കുഴികൾ നിറഞ്ഞ നെല്ലിപ്പുഴ-ആനമൂളി റോഡില്‍ യാത്ര ദുസ്സഹം. മഴ മാറിനിന്ന ഒരാഴ്ച മുമ്പുവരെ റോഡില്‍ പൊടിശല്യമായിരുന്നു. നിലവില്‍ രൂപപ്പെട്ട വലിയ കുഴികളിൽ ചെളിവെള്ളം കെട്ടിനില്‍ക്കുന്നതിനാൽ വാഹനയാത്ര ദുരിതമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതിന് പുറമെ കുഴികളിൽ ചാടിയുള്ള അപകടങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നെല്ലിപ്പുഴ മുതല്‍ മണലടി, വെള്ളാരംകുന്ന്, തെങ്കര ഭാഗങ്ങളിലാണ് കൂടുതൽ ദുരിതം.
റോഡില്‍ കുഴികളില്ലാത്ത ഭാഗങ്ങളില്ല എന്നതാണ് അവസ്ഥ. വലിയ വാഹനങ്ങള്‍ക്കും വേഗത കുറച്ചേ സഞ്ചരിക്കാനാവൂ. നെല്ലിപ്പുഴ-ആനമൂളി റോഡില്‍ ടാറിങ് പ്രവൃത്തി കഴിഞ്ഞ ആഴ്ച പുനരാരംഭിക്കാനായിരുന്നു കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി) അധികൃതരുടെ നീക്കം. എന്നാല്‍ മഴ വീണ്ടും തുടങ്ങിയതോടെ പ്രവൃത്തി നീട്ടിവെച്ചു. കുഴികളുമുള്ള റോഡില്‍ ഇനി ടാറിങ് നടത്തണമെങ്കില്‍ ഒരിക്കല്‍ കൂടി വെറ്റമിക്സ് മെക്കാഡമിട്ട് ഉപരിതലം പരുവപ്പെടുത്തേണ്ടതുണ്ട്. മഴ പെയ്താല്‍ മിശ്രിതം ഒഴുകിപ്പോകുമെന്നതിനാലാണ് നിലവില്‍ ഈ പ്രവൃത്തി നടത്താന്‍ അധികൃതര്‍ തുനിയാത്തത്. രണ്ടാഴ്ച മുമ്പുവരെ അസഹ്യ പൊടിശല്യമായിരുന്നു അനുഭവപ്പെട്ടിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എന്‍. ഷംസുദ്ദീന് എം.എല്‍.എ വിളിച്ച യോഗത്തില്‍ ടാറിങ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ നാട്ടുകാരുടെ യാത്രാക്ലേശത്തിന് അറുതിയില്ലാതാവുകയാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആരംഭിച്ച റോഡ് നവീകരണം ഈ വര്‍ഷം ജൂണിലാണ് ടാറിങ്ങിലേക്കെത്തിയത്. തെങ്കര മുതല്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂള്‍ വരെ 4.5 കിലോമീറ്ററില്‍ രണ്ടു കിലോമീറ്റർ മാത്രമാണ് ആദ്യപാളി ടാറിങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.