മണ്ണാർക്കാട് മേഖലയിൽ അഗ്നിബാധ വ്യാപകം; ഓടിത്തളർന്ന് അഗ്നിരക്ഷ സേന
text_fieldsമണ്ണാര്‍ക്കാട്: മണ്ണാർക്കാട് മേഖലയിൽ അഗ്നിബാധ വ്യാപകമാകുന്നു. ജീവനക്കാരുടെ കുറവ് കാര്യമായി നിലനിൽക്കുന്ന മണ്ണാർക്കാട് ഫയർഫോഴ്സ് വർധിച്ചു വരുന്ന അഗ്നിബാധയിൽ ഓടിത്തളരുകയാണ്.
2022 തുടങ്ങി രണ്ട് മാസത്തിനിടെ 31 തീപിടിത്തങ്ങളാണ് മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിൽ ഉണ്ടായത്. ഇത് കൂടാതെ അഗ്നിരക്ഷ സേനയുടെ സഹായം ആവശ്യമായി വരുന്ന വാഹനാപകടങ്ങളും മറ്റു ദുരന്തങ്ങളും വേറെയുമുണ്ട്. വേനല്‍ ശക്തമാകുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അഗ്നിബാധ സാധ്യത വർധിക്കാനും സാധ്യതയുണ്ട്. ഈ മാസങ്ങളില്‍ സാധാരണ പതിനഞ്ചിലധികം ഫയർകാളുകളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്റ്റേഷനിലേക്ക് എത്താറുള്ളത്.
രണ്ട് വലിയ ഫയര്‍ യൂനിറ്റ്, ഫസ്റ്റ് റെസ്പോണ്‍സിവ് വെഹിക്കിള്‍, ക്വിക് റെസ്പോണ്‍സ് വെഹിക്കിള്‍, ജീപ്പ് ആംബുലന്‍സ് എന്നിവയെല്ലാമുണ്ടെങ്കിലും ഫയര്മാന്മാരുടെയും ഹോംഗാര്‍ഡുമാരുടെയും കുറവാണ് പ്രധാന പ്രതിസന്ധി. അഞ്ച് ഹോം ഗാര്ഡുമാരുണ്ടായിരുന്നിടത്ത് നിലവിൽ ഒരാള്‍ മാത്രമാണ് ഉള്ളത്. മണ്ണാര്‍ക്കാടിന്റെ പ്രാദേശിക സ്ഥലങ്ങളെ കുറിച്ചെല്ലാം ഏറെ ധാരണയുള്ള ഹോംഗാര്‍ഡുമാരുടെ കുറവ് സേനയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജനങ്ങൾക്ക് അടിയന്തര സേവനം എത്തിക്കേണ്ട സാഹചര്യത്തിൽ ടെലിഫോൺ സേവനം തടസ്സപ്പെടുന്നത് പ്രതിസന്ധിയാകുന്നുണ്ട്. വെള്ളിയാഴ്ച ബി.എസ്.എൻ.എല്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി രണ്ട് ദിവസം ഫയര്‍ സ്റ്റേഷനിലെ ലാന്‍ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായതോടെ അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സ്റ്റേഷന് ഓഫിസറുടെയും സീനിയര്‍ ഫയർ ഓഫിസറുടെയും നമ്പറുകള്‍ നൽകി പ്രശ്നം പരിഹരിക്കുകയാണ് ഉണ്ടായത്. മണ്ണാർക്കാട് നഗരത്തിൽ രണ്ടുപേർ മരിക്കാനിടയായ അഗ്നിബാധ ദുരന്തത്തിൽ സ്റ്റേഷനിൽ വിളിച്ചാൽ ടെലിഫോൺ സേവനം ലഭിക്കുന്നില്ലെന്ന പരാതി ഏറെ വിവാദമായിരുന്നു.രണ്ടു മാസത്തിനിടെ ഉണ്ടായ കേസുകളിൽ കൂടുതലും പറമ്പുകള്‍ക്കും പുരയിടങ്ങളിലും തീപിടിച്ചതാണ്. കെട്ടിടങ്ങള്‍, പുകപ്പുര, വാഹനങ്ങള്‍ എന്നിവക്കുണ്ടായ തീപിടിത്തമാണ് മറ്റുള്ളവ. പറമ്പുകളിലെ പുല്‍ക്കാടുകള്‍ക്ക് തീപിടിക്കുന്നത് വർധിച്ചു വരുകയാണ്. അടിക്കാടുകള്‍ക്ക് തീയിടുമ്പോൾ തീപടരാതിരിക്കാന്‍ വെള്ളം ഉൾപ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ തയാറാക്കി വെക്കുകയും തോട്ടങ്ങളില്‍ ഫയര്‍ ബ്രേക്ക് ഉണ്ടാക്കി തീ തടയാമെന്നും ബന്ധപ്പെട്ടവർ പറയുന്നു.
വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഉള്‍പ്രദേശങ്ങളിലെ തീപിടിത്തങ്ങള്‍ അഗ്നിരക്ഷ സേനക്ക് വെല്ലുവിളി തീര്‍ക്കുന്നുണ്ട്. മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതലായും തീപിടിത്തവും അത്യാഹിതങ്ങളും ഉണ്ടാകുന്നത് മലയോര മേഖലയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആധുനിക വാഹനങ്ങളും സ്റ്റേഷന് ആവശ്യമാണ്. അതേസമയം, അട്ടപ്പാടിയില്‍ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം അട്ടപ്പാടി പുതിയ താലൂക്കായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.