കുഴിനിറഞ്ഞ് സംസ്ഥാന പാത; നടുവൊടിഞ്ഞ് യാത്രക്കാർ
text_fieldsഅലനല്ലൂർ: കുമരംപുത്തുർ-ഒലിപ്പുഴ സംസ്ഥാനപാതയുടെ ശോച്യാവസ്ഥയിൽ യാത്രികർ ദുരിതത്തിൽ. റോഡിലുടനീളം ഭീമൻ കുഴികളാണ് യാത്രക്കാർക്ക് ഭീഷണി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്ക് ശേഷമാണ് റോഡിൽ പാടെ കുഴികൾ നിറഞ്ഞത്.
ഇതോടെ ചെറുതും വലുതുമായ അപകടങ്ങളും സ്ഥിരം കാഴ്ചയായി.ഭീമൻ ഗർത്തങ്ങളിലും മറ്റും ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇരകളാകുന്നത്.20 കിലോമീറ്ററോളം വരുന്ന കുമരംപുത്തൂർ മുതൽ ജില്ല അതിർത്തിയായ കാഞ്ഞിരംപാറ വരെയുള്ള ഭാഗത്തിൽ കല്യാണകാപ്പ് വളവിലും അരിയൂർ പാലവും ചേർന്നുള്ള കയറ്റത്തിലും ഉണ്ണിയാൽ ഷാപ്പുംപടിയിലും മാത്രമാണ് ടാറിങ് നടത്തിയത്. മറ്റു ഭാഗത്ത് കാര്യമായ ഒരു പ്രവൃത്തിയും നടന്നിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
റോഡിലെ കുഴികളിൽ വീണ് ഇതുവരെ രണ്ടു ജീവൻ നഷ്ടമായിട്ടുണ്ടിവിടെ. അതേസമയം, അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് നിരത്തു വിഭാഗം രണ്ടു തവണ ടെൻഡർ ക്ഷണിച്ചിട്ടും എടുക്കാൻ ആളില്ലാതായതാണ് റോഡ് നവീകരണം നീണ്ടതെന്ന് അധികൃതർ പറയുന്നു.
കുമരംപുത്തൂർ മുതൽ അലനല്ലൂർ കലങ്ങോട്ടിരി ക്ഷേത്രം വരെയുള്ള 11.5 കിലോമീറ്റർ ദൂരം അടുത്ത ദിവസങ്ങളിലായി കുഴി അടക്കുമെന്നും കലങ്ങോട്ടിരി ക്ഷേത്രം മുതൽ ജില്ല അതിർത്തി വരെയുള്ള ഭാഗത്തെ പ്രവൃത്തി മെയിന്‍റനൻസ് വിങിന്‍റെ നേതൃത്വത്തിൽ നടത്തുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.