മാർ പീറ്റർ കൊച്ചുപുരക്കലിന്‍റെ സ്ഥാനാരോഹണം നാളെ
text_fieldsപാലക്കാട്: പാലക്കാട് രൂപതയുടെ തൃതീയ മെത്രാനായി നിയമിതനായ മാർ പീറ്റർ കൊച്ചുപുരക്കലിന്‍റെ സ്ഥാനാരോഹണവും വിരമിക്കുന്ന രൂപത അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്‍റെ യാത്രയയപ്പും ശനിയാഴ്ച നടക്കും. കാൽനൂറ്റാണ്ട് പാലക്കാട് രൂപത അധ്യക്ഷനായി സേവനമനുഷ്ഠിച്ച മാർ ജേക്കബ് മനത്തോടത്തിന്‍റെ പിൻഗാമിയായാണ് മാർ പീറ്റർ കൊച്ചുപുരക്കൽ സ്ഥാനമേറ്റെടുക്കുന്നത്. 2020 ജനുവരി 15നാണ് രൂപതയുടെ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരക്കൽ നിയമിതനായത്.
രണ്ടു വർഷത്തിന് ശേഷം 2022 ജനുവരി 15നാണ് സീറോ മലബാർ മെത്രാൻ സിനഡ് മാർ പീറ്റർ കൊച്ചുപുരക്കലിനെ പാലക്കാട് രൂപത അധ്യക്ഷനായി നിയമിച്ചത്. സെന്‍റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ രാവിലെ ഒമ്പതിന് വിശിഷ്ടാതിഥികളെ സ്വീകരിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. തൃശൂർ അതിരൂപത അധ്യക്ഷൻ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് രൂപത അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും. മാർ പീറ്റർ കൊച്ചുപുരക്കലിനെ പാലക്കാട് രൂപത മെത്രാനായി നിയമിച്ചുള്ള സീറോ മലബാർ സഭ അധ്യക്ഷന്‍റെ നിയമന പത്രിക രൂപത ചാൻസലർ ഡോ. ജെയ്മോൻ പള്ളിനീരാക്കൽ വായിക്കും. സീറോ മലങ്കര കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നൽകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയമസഭ സ്പീക്കർ എം.ബി. രാജേഷ് വിശിഷ്ടാഥിതിയാകും.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. റിട്ട. സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, നഗരസഭ അധ്യക്ഷ പ്രിയ അജയൻ, സുൽത്താൻപേട്ട് രൂപത മെത്രാൻ ഡോ. പീറ്റർ അബീർ അന്തോണി സ്വാമി, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ, സി.എസ്.ഐ മലബാർ മഹാ ഇടവക അധ്യക്ഷൻ ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ, സി.എം.ഐ കോയമ്പത്തൂർ പ്രേഷിത പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ, എ.കെ.സി.സി രൂപത പ്രസിഡന്‍റ് തോമസ് ആന്‍റണി, മാതൃവേദി രൂപത പ്രസിഡന്‍റ് മേരികുട്ടി ജോർജ എന്നിവർ ആശംസകൾ അർപ്പിക്കും. മാർ ജേക്കബ് മനത്തോടത്തും മാർ പീറ്റർ കൊച്ചുപുരക്കലും മറുപടി പ്രസംഗം നടത്തും. വാർത്തസമ്മേളനത്തിൽ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, രൂപത ചാൻസലർ ഫാ. ജെയ്മോൻ പള്ളിനീരാക്കൽ, പി.ആർ.ഒ ഫാ. ജോബി കാച്ചപ്പിള്ളി, ഫാ. ജോഷി പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.