ദയ ട്രസ്റ്റ് മംഗല്യദീപം പദ്ധതിയിൽ സത്യദേവിക്ക് കതിർമണ്ഡപം
text_fieldsകോട്ടായി: ചെറുപ്പത്തിലേ മാതാവ് മരിച്ചും ഇടക്കാലത്ത് പിതാവ് ഉപേക്ഷിച്ചും പോയതോടെ ഒറ്റക്കായ സത്യദേവിക്ക് കതിർമണ്ഡപമൊരുക്കി പെരിങ്ങോട്ടുകുറുശ്ശി ദയ ട്രസ്റ്റ്.
ട്രസ്റ്റിെൻറ മംഗല്യദീപം പദ്ധതിയിലാണ് കോട്ടായി നെല്ലിക്കുന്ന് മാരിയമ്മൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബാബു-സരസ്വതി ദമ്പതികളുടെ മകൾ സത്യദേവിക്ക് മംഗല്യഭാഗ്യമൊരുക്കിയത്. ചെറുപ്പത്തിലേ അമ്മ മരിച്ചു. പിന്നീട് ആശ്രയമായ ബാബു മക്കളെ ഉപേക്ഷിച്ചു.
തലചായ്ക്കാനിടമില്ലാത്ത സത്യദേവിയും ഏക സഹോദരനും ബന്ധുക്കളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇതിനിടെയാണ് 10 ദിവസം മുമ്പ് കല്ലടിക്കോട് സ്വദേശി രാജേഷ് വിവാഹാലോചനയുമായി എത്തിയത്.
എന്നാൽ, കിടപ്പാടം പോലുമില്ലാത്ത സത്യദേവിയുടെ വിവാഹം നടത്താൻ എന്തു ചെയ്യുെമന്നറിയാതെ കുടുംബക്കാരും പ്രയാസത്തിലായി. വിവരം ദയ ട്രസ്റ്റിന് മുന്നിലെത്തി. എല്ലാ സഹായവും വാഗ്ദാനം ചെയ്ത ട്രസ്റ്റ് വിവാഹ ദിവസം കുറിക്കാനും ആവശ്യപ്പെട്ടു.
ട്രസ്റ്റ് അഞ്ച് പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വാങ്ങി നൽകി. വിവാഹസദ്യയുടെ ചെലവും ഏറ്റെടുത്തു. സത്യദേവിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കാനായതിൽ അഭിമാനമുണ്ടെന്നും ഇതിന് താങ്ങായി വർത്തിച്ച സുമനസ്കരുടെ സഹായത്തിന് നന്ദിയുണ്ടെന്നും ദയ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ ഇ.ബി. രമേഷ്, വൈസ് ചെയർപേഴ്സൻ ഷൈനി രമേഷ്, ദയ ട്രഷറർ ശങ്കർ ജി. കോങ്ങാട്, ഉപദേശക സമിതി അംഗങ്ങളായ ദീപ ടീച്ചർ, ശോഭ ടീച്ചർ, വിവാഹ കൺവീനർ കൃഷ്ണലീല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.