സി.പി.ഐയിൽ പടപ്പുറപ്പാട്; പാലക്കാട്ട് കൂട്ടരാജി
text_fieldsപാലക്കാട്: ജില്ലയിൽ സി.പി.ഐയെ കൂടുതൽ പ്രതിസന്ധിയിലാക്കി പരസ്യപോരുമായി അണികളും നേതാക്കളും. പടലപ്പിണക്കവും തൊഴുത്തിൽകുത്തും രൂക്ഷമാകുന്നതിനിടെ ചേർന്ന ജില്ല സമ്മേളനത്തിൽ സ്വീകരിച്ച അച്ചടക്ക നടപടിയെച്ചൊല്ലി മണ്ഡലം കമ്മിറ്റികളിൽ കൂട്ടരാജി തുടരുകയാണ്. അംഗങ്ങൾ രാജിക്കത്തുമായി പോരിനിറങ്ങിയതോടെ പട്ടാമ്പി, മണ്ണാർക്കാട് കമ്മിറ്റികളുടെ പ്രവർത്തനം സ്തംഭിച്ചു.
നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ജില്ല കമ്മിറ്റിയിൽനിന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ രാജിവെച്ചു. മുഹ്സിൻ അടക്കമുള്ളവർ ജില്ല നേതൃത്വത്തിനെതിരെയും സെക്രട്ടറി കെ.പി. സുരേഷ് രാജിനെതിരെയും പരസ്യവിമർശനവും നടത്തി. ഇവർ പാർട്ടി കമ്മിറ്റികളിൽനിന്ന് രാജിസന്നദ്ധത അറിയിച്ച് ജില്ല, സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. നേരത്തെ പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമീഷൻ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയെ ജില്ല എക്സിക്യൂട്ടീവിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.
അതേസമയം, എം.എൽ.എ അടക്കമുള്ളവരുടെ രാജി സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. രാജിക്കത്തൊന്നും ലഭിച്ചിട്ടില്ല. നിലവിൽ പരക്കുന്നത് ഊഹാപോഹങ്ങളാണ്. പാർട്ടി നടപടികൾ എടുത്താൽ അത് സ്ഥിരീകരിക്കും. എന്നാൽ, നിലവിൽ അത്തരത്തിൽ ഒരു നിലപാടിലേക്കും കടന്നിട്ടില്ലെന്ന് കെ.പി. സുരേഷ് രാജ് പറഞ്ഞു.
പട്ടാമ്പിയിലും മണ്ണാർക്കാട്ടും കൂട്ടരാജി
പട്ടാമ്പി/ മണ്ണാർക്കാട്: ജില്ല സെക്രട്ടറി പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സി.പി.ഐ പട്ടാമ്പി മണ്ഡലം കമ്മിറ്റിയിൽ നിന്ന് 12 പേരും മണ്ണാർക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേരും രാജിവെച്ചു. മണ്ണാർക്കാട് രാജിവെച്ചവരിൽ മണ്ഡലം സെക്രട്ടറി ഉൾപ്പടെ മൂന്ന് ജില്ല കമ്മിറ്റി അംഗങ്ങളും പത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങളുമുണ്ട്.
പട്ടാമ്പി മണ്ഡലം കമ്മിറ്റിയിൽനിന്ന് പി. ഉമ്മർ, മാനു എന്ന മുഹമ്മദ്, സിറാജുദ്ദീൻ, യൂസഫലി, ദിലീപ് പുലിമുഖം, കെ.സി. അരുണ, ലീന സുഭാഷ്, കെ.ടി. മുജീബ്, എം.പി. രവികുമാർ, അഡ്വ. ധർമദാസ്, വി.ടി. സോമൻ, പി. ബിജു എന്നിവരാണ് മണ്ഡലം കമ്മിറ്റിയിൽനിന്ന് രാജിവെച്ചത്. കെ.സി. അരുണ സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കമ്യൂണിസ്റ്റുമായിരുന്ന ഇ.പി. ഗോപാലന്റെ മകളാണ്.
രാജിക്കത്ത് ജില്ല സെക്രട്ടറിക്കും പകർപ്പ് സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കേന്ദ്ര എക്സി. അംഗം പ്രകാശ് ബാബു എന്നിവർക്കും അയച്ചുകൊടുത്തതായി രാജിവെച്ചവർ അറിയിച്ചു. നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ രണ്ടുപേരെ ജില്ല നേതൃത്വം ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ഇതോടെ പതിനഞ്ചംഗ മണ്ഡലം കമ്മിറ്റിയിൽ 14 പേരും പുറത്തായി. അബ്ദുറഹിമാൻ വല്ലപ്പുഴ മാത്രമാണ് അവശേഷിക്കുന്നത്. മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിലെ 13 പേർ രാജിവെച്ചതോടെ കമ്മിറ്റിയിൽ അവശേഷിക്കുന്നത് ഒമ്പത് പേരാണ്. യോഗം ചേരാൻ ക്വാറം തികയാത്ത സ്ഥിതിയാണ്. മണ്ഡലം സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ പാലോട് മണികണ്ഠൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. അബ്ദുറഹ്മാൻ, സീമ കൊങ്ങശ്ശേരി, മണ്ഡലം അംഗങ്ങളായ സി. ജയൻ, സുബ്രഹ്മണ്യൻ, രസജീഷ്, പത്മനാഭൻ, മണികണ്ഠൻ കാവുങ്ങൽ, കെ.കെ. വിജയകുമാർ, കെ. സിദ്ദീഖ്, ടി.പി. മുസ്തഫ, രാമചന്ദ്രൻ, ആറുമുഖൻ എന്നിവരാണ് നിലവിലെ സ്ഥാനങ്ങൾ രാജി വെച്ചത്. പാർട്ടി അംഗത്വം രാജിവെച്ചിട്ടില്ലെന്നാണ് വിവരം. ജില്ലയിൽ സി.പി.ഐയുടെ ശക്തികേന്ദ്രമായ മണ്ണാർക്കാട്ടെ ആറു മണ്ഡലം കമ്മിറ്റി അംഗങ്ങൾക്കെതിരെ ജില്ല നേതൃത്വം നടപടിക്കൊരുങ്ങുന്നതിനിടെയാണ് കൂട്ട രാജി. മണ്ഡലം കമ്മിറ്റി അംഗങ്ങൾ മണ്ഡലം സെക്രട്ടറിക്ക് നേരിട്ടും ജില്ല കമ്മിറ്റി അംഗങ്ങൾ ജില്ല സെക്രട്ടറിക്ക് തപാൽ മുഖേനയും രാജിക്കത്ത് നൽകി.
പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം കണ്ടെത്തിയതിനെത്തുടർന്ന് പട്ടാമ്പിയിൽ നിന്നുള്ള ജില്ല കമ്മറ്റി അംഗങ്ങളായ കോടിയിൽ രാമകൃഷ്ണൻ, പി.കെ. സുഭാഷ് എന്നിവരെയാണ് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇതിന്റെ തുടർച്ചയായി മണ്ഡലം കമ്മറ്റിയിലെ ആറംഗങ്ങൾക്ക് ജില്ല സെക്രട്ടറി അച്ചടക്ക നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 30നുള്ളിൽ വിശദീകരണം നൽകാനാണ് ആവശ്യം. എന്നാൽ, നിശ്ചിത സമയത്തിന് മുമ്പ് രാജിവെച്ച് നേർക്കുനേർ പോരിന് വഴി തുറന്നിരിക്കുകയാണ് മണ്ഡലം കമ്മിറ്റിയംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.