സി.പി.ഐയിലെ കൂട്ടരാജിയും തരംതാഴ്ത്തലും; അണികളിൽ ആശങ്ക
text_fieldsമണ്ണാർക്കാട്: സി.പി.ഐയുടെ ജില്ലയിലെ ഏറ്റവും പ്രധാന കേന്ദ്രമായ മണ്ണാർക്കാട് പാർട്ടി അച്ചടക്ക നടപടികളും സ്വമേധയായുള്ള രാജികളുമെല്ലാം അണികൾക്കിടയിലുണ്ടാകുന്നത് ആശയക്കുഴപ്പവും ആശങ്കയും. കഴിഞ്ഞ പാർട്ടി തെരഞ്ഞെടുപ്പോടുകൂടി ഉടലെടുത്ത വിഭാഗീയതയാണ് ശക്തികേന്ദ്രത്തിൽ പാർട്ടിക്ക് കാലിടറുന്നത്. കുമരംപുത്തൂർ, മണ്ണാർക്കാട് മേഖലയിലെ പല ഭാരവാഹികളും നിലവിൽ സ്ഥാനമാനങ്ങൾ രാജിവെച്ചവരുടെ കൂട്ടത്തിലുണ്ട്.
ജില്ല സെക്രട്ടറിക്കെതിരെയുള്ള ഭീഷണിയായി ഉടലെടുത്ത കൂട്ടരാജി പക്ഷെ പാർട്ടി മുഖ വിലക്കെടുത്തിട്ടില്ല. സ്ഥാനങ്ങൾ രാജിവെച്ച മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സീമ കൊങ്ങശ്ശേരി, സി.കെ. അബ്ദുറഹ്മാൻ എന്നിവരെ ഔദ്യോഗികമായി തന്നെ സ്ഥാനങ്ങളിൽനിന്ന് പാർട്ടി ജില്ല കമ്മിറ്റി നീക്കം ചെയ്തത് ഇതിന് തെളിവാണ്. ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. 21 പേരിൽ മണ്ഡലം കമ്മിറ്റിയിൽ നിലവിൽ എട്ട് അംഗങ്ങൾ മാത്രമാണുള്ളത്.
പാലോട് മണികണ്ഠന് പകരം ജില്ല കമ്മിറ്റി എ.കെ. അബ്ദുൽ അസീസിന് മണ്ഡലം സെക്രട്ടറിയുടെ ചുമതല നൽകി. ജില്ല സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് മണ്ഡലം നേതാക്കൾ രാജിവെച്ചത്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങൾ ഉള്ള കുമരംപുത്തൂർ പഞ്ചായത്തിലാണ് രാജിവെച്ചവരിൽ കൂടുതൽ പേരും.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആവേശമായ കൊങ്ങശ്ശേരി കൃഷ്ണന്റെ നാട് കൂടിയാണ് കുമരംപുത്തൂർ. കുമരംപുത്തൂർ ലോക്കൽ കമ്മിറ്റിയിൽ ഒമ്പത് ബ്രാഞ്ച് കമ്മിറ്റികളിൽ പയ്യനടം ഒഴിച്ച് എട്ട് ബ്രാഞ്ച് കമ്മിറ്റികളിലും ഭാരവാഹികൾ രാജിക്കൊരുങ്ങുന്നതായാണ് സൂചന. തങ്ങളുന്നയിക്കുന്ന പരാതികൾ ചർച്ച ചെയ്യണമെന്നും സംസ്ഥാന നേതൃത്വം ഇടപെടണമെന്നുമാണ് രാജിവെച്ചവരുടെ നിലപാട്. അല്ലാത്തപക്ഷം പാർട്ടി അംഗത്വം ഉൾപ്പെടെ രാജിവെക്കുന്ന കാര്യങ്ങളും ചർച്ചയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.