ട്രാക്കിലേക്ക് വിളി കാത്ത് മാത്തൂർ സി.എഫ്.ഡി എച്ച്.എസ്.എസ്
text_fieldsമാത്തൂർ: രാജ്യത്തിനുവേണ്ടി ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും അനേകം മെഡലുകൾ സമ്മാനിച്ച കായികതാരങ്ങൾക്ക് പരിശീലനത്തിനായി മെച്ചപ്പെെട്ടാരു ട്രാക്കില്ല. 2021 ഫെബ്രുവരി ആറുമുതൽ 10 വരെ അസമിലെ ഗോഹട്ടിയിൽ നടക്കുന്ന 36ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മാത്തൂർ സി.എഫ്.ഡി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മൂന്ന് കായികതാരങ്ങളാണ് കളത്തിലിറങ്ങുന്നത്. ജില്ലയിൽ ഒരേ സ്കൂളിൽനിന്ന് മൂന്നുപേർ പങ്കെടുക്കുന്ന ഏക സ്കൂളും മാത്തൂർ സി.എഫ്.ഡിയാണ്. 20 വയസ്സിനുതാഴെയുള്ള ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിൽ സി.ആർ. അബ്ദുൽ റസാഖും 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 400, 200 മീറ്റർ മത്സരത്തിൽ കെ. അഭിജിത്, 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 300 മീറ്റർ മത്സരത്തിൽ പി. അഭിരാമുമാണ് ജഴ്സി അണിയുന്നത്.
സർക്കാറും കായികവകുപ്പും കണ്ണുതുറന്നാൽ മാത്തൂരിൽനിന്ന് ഒളിമ്പ്യനെ വളർത്തിയെടുക്കാനാകുമെന്നാണ് താരങ്ങളും കായികാധ്യാപകൻ കെ. സുരേന്ദ്രനും പറയുന്നത്. 200 മീറ്റർ ഒറ്റലൈൻ ട്രാക്ക് മാത്രമുള്ള പരിമിതികൾ നിറഞ്ഞ സാഹചര്യത്തിൽ നിന്നാണ് ജില്ലയിലെ ഒന്നാമനായി സി.എഫ്.ഡി തല ഉയർത്തി നിൽക്കുന്നത്. നേട്ടങ്ങൾ കൊയ്തിട്ടും നല്ലൊരു പരിശീലന ട്രാക്കിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വർഷമായി. ഒളിമ്പ്യൻ ദ്രോണാചാര്യ കുട്ടിയുടെ ശിഷ്യൻ കെ. സുരേന്ദ്രനാണ് സി.എഫ്.ഡിയിലെ മെഡലുകൾ വിളയിക്കാൻ പരിശീലനം നൽകുന്നത്.
2019-2020 വർഷത്തെ സംസ്ഥാനത്ത് മികച്ച കായികാധ്യാപകനുള്ള ജി.വി. രാജ അവാർഡ് കെ. സുരേന്ദ്രന് ലഭിച്ചു. കണ്ണാടി പാണ്ടിയോട് പൊക്കത്ത് വീട്ടിൽ കിട്ട-സത്യഭാമ ദമ്പതികളുടെ മകനായ സുരേന്ദ്രെൻറ ആത്മാർത്ഥതയും സ്കൂൾ മാനേജർ സി. ദിവാകരൻ, പ്രിൻസിപ്പൽ ലത പ്രധാനാധ്യാപിക ലീന, ട്രസ്റ്റ് അംഗങ്ങൾ, പി.ടി.എ, സ്റ്റാഫ് എന്നിവരുടെ പിന്തുണയുമാണ് കായിക നേട്ടത്തിന് ഘടകമെന്നും മാത്തൂർ പഞ്ചായത്തിനു പുറമെ തൊട്ടയൽ പഞ്ചായത്തുകളിലെയും നിരവധി വിദ്യാർഥികൾ എന്നും രാവിലെ പരിശീലനത്തിനെത്തുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.