പാലക്കാട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് കൂട്ടും -മുഖ്യമന്ത്രി
text_fieldsപാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് സീറ്റുകള്‍ 150 ആക്കി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ഗവ മെഡിക്കല്‍ കോളജിലെ ഐ.പി വിഭാഗം ആദ്യഘട്ട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളജിന്റെ അനുബന്ധ സ്ഥാപനങ്ങളായി വിവിധ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഡെന്റല്‍ കോളജുകള്‍ എന്നിവ ആരംഭിക്കും.
നാലു ഡിപ്പാര്‍ട്ട്മെന്റുകളിലായി പി.ജി കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുമതിയായതായും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ കരാര്‍, ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ നിയമനമായി. 42 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കാൻ നടപടി പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്സിങ് കോളജില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനത്തിനുള്ള സൗകര്യം ഉണ്ടാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
500 പേര്‍ക്ക് കൂടി കിടത്തി ചികിത്സ നല്‍കാനുള്ള സൗകര്യം ഒരുക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. വി.കെ. ശ്രീകണ്ഠന് എം.പി, മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ. ശാന്തകുമാരി, എ. പ്രഭാകരന്, പി.പി. സുമോദ്, കെ. ബാബു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസർ ഡോ. മിഥുന് പ്രേംരാജ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്, വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളജ് പ്രവര്‍ത്തകര്‍, വിദ്യാർഥികള്‍ പങ്കെടുത്തു.
പ്രതിഷേധവുമായി കോവിഡ് ബ്രിഗേഡ്
പാലക്കാട്: മെഡിക്കല്‍ കോളജിലെ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധം. കോവിഡ് ബ്രിഗേഡിലെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥിരപ്പെടുത്താമെന്ന് ഉറപ്പ് നല്കി തങ്ങളെ വഞ്ചിച്ചെന്ന് ഉദ്യോഗാർഥികള്‍ പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണന് വേദിയില്‍ പ്രസംഗിക്കവെയായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചാണ് ഉദ്യോഗാർഥികള്‍ എത്തിയത്. 350ഓളം പേരാണ് കോവിഡ് കാലത്ത് ജോലി ചെയ്തിരുന്നത്. ജീവന് പോലും പണയപ്പെടുത്തിയാണ് ജോലി ചെയ്തതെന്നും ലഭിച്ച ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ഇവർ പറഞ്ഞു.
വേദിയിലെത്തി പ്രതിഷേധക്കാരോട് മന്ത്രി കെ. രാധാകൃഷ്ണന് വിവരം ആരാഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. താനറിഞ്ഞിടത്തോളം പ്രതിഷേധക്കാരുടെ ആവശ്യം യുക്തിസഹമല്ലെന്ന് മന്ത്രി വേദിയിൽ തന്നെ പ്രതികരിച്ചു. കോവിഡ് കാലത്ത് നാടൊന്നാകെ സന്നദ്ധ സേവനത്തിനിറങ്ങിയിരുന്നു. പലരും നിസ്വാർഥ സേവനം നടത്തി. ഇവർക്കെല്ലാം സർക്കാർ ജോലി എന്ന ആവശ്യം യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.