എങ്ങും ഇറച്ചി മാലിന്യം; പകർച്ചവ്യാധി ഭീതിയിൽ നാട്ടുകാർ
text_fieldsപല്ലശ്ശന: റോഡുകൾക്കുസമീപം ഇറച്ചി മാലിന്യം നിറഞ്ഞതോടെ മൂക്കുപൊത്തി നാട്ടുകാർ. പുതുനഗരം-കൊല്ലങ്കോട്, പുതുനഗരം-പെരുവെമ്പ്, പുതുനഗരം-കൊടുവായൂർ, നെന്മാറ-പല്ലാവൂർ-കൊടുവായൂർ എന്നീ റോഡുകളുടെ വശങ്ങളിലാണ് ഇറച്ചി മാലിന്യം വ്യാപകമായി തള്ളിയിട്ടുള്ളത്. രാത്രിയിലാണ് റോഡരികിൽ മാലിന്യം തള്ളുന്നത്.
രാത്രി പട്രോളിങ് ശക്തമാകാത്തതിനാൽ മാലിന്യ തള്ളുന്നവർക്കെതിരെ പൊലീസും നടപടിയെടുക്കാറില്ല. മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്തും ആരോഗ്യ വകുപ്പും കാര്യക്ഷമമായി രംഗത്തുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ പള്ളിമുക്ക് മുതൽ അമ്പാഴക്കോട് വരെയുള്ള പ്രധാന റോഡരികിൽ അറവുമാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഒന്നര മാസം മുമ്പും മാലിന്യം തള്ളിയിരുന്നു. റോഡരികിൽ മാലിന്യം തള്ളുന്നതിന്റെ ഫോട്ടോ, വീഡിയോ എന്നിവ നൽകിയാൽ പാരിതോഷികം നൽകുമെന്ന അറിയിപ്പുണ്ടെങ്കിലും പടം എടുത്തു നൽകുന്നവർ കുറവാണ്.
മഴക്കാലത്ത് പകർച്ച രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലും ഫോറസ്റ്റ് ഓഫിസിലും പരാതി നൽകുമെന്ന് പല്ലശ്ശന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. രാമനാഥൻ പറഞ്ഞു. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധംമൂലം നാട്ടുകാർക്ക് താമസിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സി.സി.ടിവി കാമറകൾ സ്ഥാപിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.