ഗ്രീഷ്മയുടെ ഹൃദയത്തിന് വേണം നാടിന്റെ കരുതൽ
text_fieldsപാലക്കാട്: ഹൃദയവാൽവിനും ശ്വാസകോശത്തിനും ഗുരുതര രോഗം ബാധിച്ച യുവതി ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. പുതുപ്പരിയാരം പൂച്ചിറയിൽ ശിവൻ-ഗീത ദമ്പതികളുടെ മകൾ ഗ്രീഷ്മ(28)യാണ് 10 വർഷമായി രോഗത്തോട് പൊരുതുന്നത്. ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെയാളാണ് ഗ്രീഷ്മ. പഠനത്തിൽ മിടുക്കിയായിരുന്ന ഗ്രീഷ്മ ഡിഗ്രിക്കെത്തിയപ്പോഴാണ് രോഗം ബാധിച്ചത്. എഫ്.സി.ഐയിൽ ചുമട്ടുതൊഴിലാളിയായ ശിവന്റെ വരുമാനം കൊണ്ടുമാത്രം കുടുംബം പുലർത്താനും മകളുടെ ചികിത്സാ ചെലവിനും മതിയാവാതെ വന്നപ്പോൾ ഇളയമകൻ ശ്രീഷ്ണു പഠിത്തം നിർത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങി. മൂത്തമകൾ വിവാഹിതയാണ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗശമനമുണ്ടായില്ല.
ഗ്രീഷ്മക്ക് സുഖപ്പെടണമെങ്കിൽ ഹൃദയവും ശ്വാസകോശവും മാറ്റിവെക്കണം. സംസ്ഥാനത്ത് ഇത് രണ്ടും മാറ്റിവക്കാനുള്ള ആശുപത്രി ഇല്ലെന്നാണ് പറയുന്നത്. ഒടുവിൽ കോയമ്പത്തൂർ പി.എസ്.ജി ആശുപത്രിയിലാണ് സൗകര്യം കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്നാണ് നിർദേശം. എന്നാൽ ഇതിന് വൻതുക ചെലവ് വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഈ ഭാരിച്ച ചെലവ് താങ്ങാൻ ശേഷി ഇല്ല.
ഗ്രീഷ്മയുടെ ചികിത്സക്ക് പണം സ്വരൂപിക്കാൻ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗം ചേർന്ന് ഒരു ചികിത്സാ സഹായനിധി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു ചെയർമാനായും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജയപ്രകാശ് കൺവീനറുമായും 18 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. സഹായത്തിനായി എസ്.ബി.ഐ പുതുപ്പരിയാരം ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 43075176229. ഐ.എഫ്.എസ്.സി കോഡ്: SBIN0008245.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.