മരുന്ന് വിതരണത്തിന് പുതിയ ക്വട്ടേഷൻ ക്ഷണിച്ച് മെഡികെയേഴ്സ്
text_fieldsപാലക്കാട്: ജില്ല ആശുപത്രി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡികെയേഴ്സിന്റെ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് വിതരണത്തിന് പുതിയ വിതരണക്കാരെ തേടി ക്വട്ടേഷൻ ക്ഷണിച്ചു. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിനാണ് അംഗീകൃത വിതരണക്കാരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്.
മെഡികെയേഴ്സ് സൂപ്രണ്ടാണ് ക്വട്ടേഷൻ ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. മെഡികെയേഴ്സിന്റെ മെഡിക്കൽ ഷോപ്പുകളിൽ ഒരേ മരുന്നിന് പല വില വാങ്ങുന്നതായി വാർത്ത വന്നതിന് പിന്നാലെയാണ് നടപടി. മാർച്ച് 27നകം ക്വട്ടേഷനുകൾ ഓഫിസിൽ ലഭ്യമാക്കണമെന്ന് പരസ്യത്തിൽ പറയുന്നു.
കലക്ടർ ചെയർമാനായി പ്രവർത്തിക്കുന്ന മെഡികെയേഴ്സിനു കീഴിൽ ജില്ലയിൽ ഏഴ് മെഡിക്കൽ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഒരേ മരുന്നിന് വ്യത്യസ്ത വില ഈടാക്കുന്നതായി ഞായറാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
സാധാരണക്കാർക്ക് വിലക്കുറവിൽ മരുന്നും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കാനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ഇത്തരത്തിൽ വ്യത്യസ്ത വില ഈടാക്കി ജനങ്ങളെ കബളിപ്പിക്കുന്നത്. മരുന്നുകമ്പനികളെ വഴിവിട്ട് സഹായിക്കാൻ ജീവനക്കാർ നടത്തുന്ന ആസൂത്രിത നീക്കമാണ് വില വ്യത്യാസത്തിന് പിന്നിലെന്നാണ് ആരോപണം. ഡോക്ടർ കുറിച്ചു നൽകുന്ന വില കുറവുള്ള മരുന്നുകൾക്ക് പകരം മരുന്നു കമ്പനികളുടെ താൽപര്യപ്രകാരം സബ്സ്റ്റിറ്റ്യൂട്ട് മരുന്നുകൾ നൽകുന്നതും ഇവിടെ പതിവാണെന്നും ആരോപണമുണ്ട്.
വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി എടുക്കുമെന്നുമായിരുന്നു മെഡികെയേഴ്സ് സൂപ്രണ്ട് വിശദീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ വിതരണക്കാരെ തേടി ക്വട്ടേഷൻ നൽകിയിരിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷം മുതൽ ഒരുകമ്പനിക്ക് ക്വട്ടേഷൻ നൽകി ഏകീകൃത സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സൂചന. അതേസമയം മെഡികെയേഴ്സ് മെഡിക്കൽ ഷോപ്പുകളിൽ ഞായറാഴ്ചയും മരുന്നുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കിയതായി പരാതി ഉയർന്നു. കുറഞ്ഞവിലക്ക് മരുന്ന് നൽകണമെന്ന കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം അട്ടിമറിച്ചാണ് ഇത്തരത്തിൽ പല വില ഈടാക്കുന്നതെന്നും ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.