മോദിയുടെ റോഡ് ഷോ: പരീക്ഷക്ക് അതിരാവിലെ എത്താൻ നിർദേശം
text_fieldsപാലക്കാട്: ‘‘നഗരത്തിന് പുറത്താണ് വീട്. അരമണിക്കൂറിൽ അധികം ബസിൽ യാത്ര ചെയ്താണ് പതിവായി സ്കൂളിൽ എത്തുക. രാവിലെ ഏഴുമണിക്ക് എത്തണമെന്നൊക്കെ പറയുന്നത് അൽപം കടന്ന കൈയാണ്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ക്ഷീണവും മാനസിക സമ്മർദവും കൂട്ടാനേ ഇതുപകരിക്കു’’ -പേരുവെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചുകൊണ്ടാണ് നഗരത്തിലെ പ്രമുഖ സ്കൂളുകളിലൊന്നിലെ പ്ലസ് ടു വിദ്യാർഥിനിയുടെ പിതാവ് ‘മാധ്യമ’ത്തോട് വിഷമം പറഞ്ഞത്.
പാലക്കാട് ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് 19ന് രാവിലെ 8.30ന് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ സംഘടിപ്പിക്കുന്നത്. നഗരത്തിൽ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്കൂളുകളിലായി ആയിരത്തോളം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇവർക്ക് പരീക്ഷ എഴുതാനായി സ്കൂളിൽ എത്താൻ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കലക്ടർ പൊലീസിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, റോഡ് ഷോയുടെ തിരക്കും വിദ്യാർഥികൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് 7.30ഓടെ സ്കൂളിൽ എത്താൻ നിർദേശം നൽകിയതെന്ന് ഡി.ഇ.ഒ മനോജ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പാലക്കാട്ട് നാളെ ഗതാഗത നിയന്ത്രണം
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
നിയന്ത്രണം ഇങ്ങനെ
- തൃശൂരിൽനിന്ന് വരുന്ന സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കുകയും തിരിച്ച് ഈ വഴി തന്നെ പോകണം.
- തൃശൂർ ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും കാഴ്ചപ്പറമ്പിൽനിന്ന് തിരിഞ്ഞ് യാക്കര വഴി തോട്ടിങ്കൽ, ഡി.പി.ഒ റോഡ് വഴി ലിങ്ക് റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചും ഈ വഴി തന്നെ പോകണം.
- കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും തമിഴ്നാട് ബസുകളും, ചന്ദ്രനഗറിൽനിന്ന് ദേശീയപാത വഴി കാഴ്ചപ്പറമ്പിൽനിന്ന് തിരിഞ്ഞ് യാക്കര വഴി തോട്ടിങ്കൽ, ഡി.പി.ഒ റോഡ് വഴി ലിങ്ക് റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചും ഈ വഴി തന്നെ പോകണം.
- കൊടുമ്പ്, ചിറ്റൂർ ഭാഗത്തുനിന്ന് വരുന്ന ബസുകളും, മറ്റ് വാഹനങ്ങളും കാടാംങ്കോട്ടുനിന്ന് തിരിഞ്ഞ് ദേശീയപാത റോഡ് ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് ഈ വഴിതന്നെ പോകണം.
- പുതുനഗരം, കൊടുവായൂർ ഭാഗത്തുനിന്ന് വരുന്ന ബസുകളും മറ്റ് വാഹനങ്ങളും കടുന്തുരുത്തിയിൽനിന്ന് തിരിഞ്ഞ് ദേശീയപാത റോഡിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചും ഈ വഴി പോകണം.
- കുഴൽമന്ദം, കണ്ണനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകളും, മറ്റ് വാഹനങ്ങളും ദേശീയപാതയിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി തന്നെ പോകേണ്ടതാണ്.
- ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പെഴുങ്കര ബൈപാസ് വഴി ഒലവക്കോട്, ശേഖരിപുരം, മണലി ചന്ദ്രനഗർ വഴി കാഴ്ചപ്പറമ്പിൽനിന്ന് തിരിഞ്ഞ് യാക്കര മൊക്കുവഴി തോട്ടിങ്കൽ, ഡി.പി.ഒ റോഡ് വഴി ലിങ്ക് റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചും ഈ വഴിതന്നെ പോകണം.
- ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന എല്ലാ പ്രൈവറ്റ് വാഹനങ്ങളും പെഴുങ്കര ബൈപാസ് വഴി ഒലവക്കോട്, ശേഖരിപുരം മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം.
- കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകളും, മറ്റ് വാഹനങ്ങളും ഒലവക്കോട്, ശേഖരിപുരം ബൈപാസ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
- കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും ഒലവക്കോട്, ശേഖരിപുരം, മണലി ചന്ദ്രനഗർ വഴി കാഴ്ചപ്പറമ്പിൽനിന്ന് തിരിഞ്ഞ് യാക്കര തോട്ടിങ്കിൽ ഡി.പി.ഒ റോഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
- റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും മറ്റ് വാഹനങ്ങളും ശേഖരിപുരം, മണലി ബൈപാസ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ച് ആ വഴി പോകേണ്ടതാണ്.
പാർക്കിങ്
- ഒറ്റപ്പാലം ഭാഗത്തുനിന്ന് പ്രവർത്തകരെ കൊണ്ടു വരുന്ന വാഹനങ്ങൾ കാണിക്കമാത ബൈപാസ് ജങ്ഷനിലറക്കി പിരായിരി, കണോട്ടുക്കാവ്, അയപ്പൻക്കാവ് എന്നി ഭാഗത്ത് പാർക്ക് ചെയ്യണം.
- മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, മലമ്പുഴ, എന്നീ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശേഖരിപുരത്ത് പ്രവർത്തകരെ ഇറക്കി മട്ടുമന്ത റോഡിന്റെ ഇരുവശത്തുമായി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്
- കഞ്ചിക്കോട്, പുതുശ്ശേരി, ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സ്റ്റേഡിയം ഭാഗത്ത് പ്രവർത്തകരെ ഇറക്കി ഇന്ദിരഗാന്ധി സ്റ്റേഡിയത്തിന് മുന്നിലെ എക്സിബിഷൻ മൈതാനത്ത് പാർക്ക് ചെയ്യണം.
- ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ എന്നീ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ മണപ്പുളളിക്കാവ് ഹൈവേ സർവിസ് റോഡിൽ ആളുകളെ ഇറക്കി മെഡിക്കൽ കോളജ് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.