വകുപ്പുതല ധനവിനിയോഗം 84.96 ശതമാനം: പാലക്കാട് ഒന്നാമത്
text_fieldsപാലക്കാട്: വകുപ്പുതല പദ്ധതി വിനിയോഗം 84.96 ശതമാനത്തോടെ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമതായെന്ന് കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. ജില്ല വികസന സമിതി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. അതേസമയം, തദ്ദേശ സ്ഥാപന ധനവിനിയോഗത്തില്‍ ഏഴാം സ്ഥാനത്താണെന്ന് കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തുതല ധനവിനിയോഗം കാര്യക്ഷമമാക്കാന്‍ നടപടികൾ സ്വീകരിക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായത്തിനായി ബന്ധപ്പെട്ട് രേഖകളുള്ളതെല്ലാം വൈകാതെ അപേക്ഷിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മണ്ണന്‍-തെങ്കര റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗം ഫെബ്രുവരി ആദ്യവാരത്തോടെ വിളിച്ചു ചേര്‍ക്കാന്‍ കലക്ടര്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. റോഡ് നിര്‍മാണം അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് റോഡ് കുഴിക്കാനും മറ്റുമായി പരസ്പര ധാരണയുണ്ടാക്കാന്‍ ജല അതോറിറ്റി പി.ഡബ്ല്യു.ഡി അധികൃതര്‍ ബന്ധപ്പെട്ട എം.എൽ.എമാരുടെ സാനിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി. എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിര്‍മാണ പുരോഗതി ചോദിച്ചറിഞ്ഞു. കോങ്ങാട് മണ്ഡലത്തിലെ ഭവനരഹിതരായ ഒന്നര സെന്റ് സ്ഥലം മാത്രമുള്ള ഗുണഭോക്താക്കളെ ലൈഫ് മിഷന് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ കെ. ശാന്തകുമാരി എം.എല്‍.എ നിർദേശിച്ചു. വി.കെ. ശ്രീകണ്ഠന് എം.പി, എം.എല്‍.എമാരായ കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്സിന്, കെ. ബാബു, കെ. പ്രേംകുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്, പാലക്കാട് ആര്.ടി.ഒ ബല്‍പ്രീത് സിങ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി, ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതിനിധി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഓൺലൈൻ പഠനം: അട്ടപ്പാടിയിലെ 45 ഊരുകളിലെ നെറ്റ്വർക്ക് പ്രശ്നം പരിഹരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സമില്ലാതെ നടത്താന്‍ 77 കോളനികളില്‍ 45 എണ്ണത്തിന്റെ നെറ്റ്വര്ക്കും പ്രശ്നം പൂര്‍ത്തിയായതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ജില്ല വികസന സമിതി യോഗത്തെ അറിയിച്ചു.
ബാക്കി 32 എണ്ണത്തിന്റേത് ഫെബ്രുവരി 20ന് പൂര്‍ത്തിയാക്കും. കെ. ബാബു എം.എല്‍.എ പറമ്പികുളം ഭാഗത്തെയും അഡ്വ. കെ. ശാന്തകുമാരി പൂഞ്ചോല ഭാഗത്തേയും കെ. പ്രേംകുമാര്‍ പൂവക്കോട്, പാലപ്പട കോളനികളിലെയും നെറ്റവര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചോദിച്ചറിഞ്ഞു.
ആനമൂളി ഭാഗത്ത് വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൃഗങ്ങളുടെ വാസസ്ഥലത്തിനടുത്തുള്ള ഭാഗങ്ങളിലെ അടിക്കാട് വെട്ടിയൊതുക്കിയതായി ബന്ധപ്പെട്ട ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.