മഴക്കാല പകര്‍ച്ചവ്യാധികള്‍
text_fieldsപാലക്കാട്: മഴക്കാലമായതിനാല്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്കജ്വരം, എലിപ്പനി, വൈറല്‍ പനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
അമീബിക് മെനിഞ്ചൈറ്റിസ്
അപൂര്‍വമായി ഉണ്ടാകുന്ന ഈ രോഗം 'നിഗ്ലേറിയ ഫൌളേരി' എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ 'തലച്ചോറ് തിന്നുന്ന അമീബ' എന്ന് വിശേഷണമുള്ള ഈ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മൂക്ക്, കണ്ണ്, ചെവി, മറ്റു മുറിവുകള്‍ എന്നിവയില്‍ കൂടിയാണ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുക. ഇത് നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം വരെ സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന, ഛര്‍ദി, ഓക്കാനം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
പിന്നീട് കഴുത്തു വേദനയും മാനസികാസ്വസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളിലും നീന്തല്‍കുളങ്ങളിലും മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുമ്പോള്‍ ആണ് അമീബ പ്രധാനമായും മൂക്കിലൂടെ തലച്ചോറില്‍ എത്തുന്നത്.
കുളിക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തില്‍ മുങ്ങാത്ത രീതിയില്‍ കുളിക്കുക, ശരീരത്തിലേക്ക് അമീബ പ്രവേശിക്കുന്നതിന് തടസ്സമായി വായ്, ചെവി, കണ്ണ് എന്നിവ മൂടുക, നീന്തല്‍കുളങ്ങള്‍, പൂളുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന് നടത്തുക, എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക. ലക്ഷണങ്ങള്‍ ഉണ്ടായ ഉടന്‍ തന്നെ ചികിത്സ തേടുക.
എലിപ്പനി
മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടി വരികയോ പണിയെടുക്കേണ്ടി വരുകയോ ചെയ്യുന്ന എല്ലാവരും എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിന്‍ ഗുളിക ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചു. എല്ലാ ആരോഗ്യ കേന്ദ്രത്തിലും ഇത് സൗജന്യമായി ലഭിക്കും. കൃഷിക്കാര്‍, ക്ഷീരകര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ചെളിവെള്ളവുമായി സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവരും പ്രത്യേകം ഡോക്ടറെ കണ്ട് മരുന്നുകഴിക്കേണ്ടതാണ്. ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും മലിനജലവുമായി ഇടപെടേണ്ടി വന്ന വിവരം പ്രത്യേകം സൂചിപ്പിക്കുകയും വേണം.
ഡെങ്കിപ്പനി
ജില്ലയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശിച്ചു. ഡെങ്കിപ്പനി വരാതിരിക്കുന്നതിന് കൊതുക് കടി ഏല്‍ക്കാതിരിക്കുന്നതിനുള്ള മുന്‍കരുതുകള്‍ സ്വീകരിക്കണം. കൊതുക് വളരാതിരിക്കാന്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് ഒഴിവാക്കുക, ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായവയും പറമ്പില്‍ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.