കാലവർഷം ശക്തി പ്രാപിച്ചു; പെയ്യാൻ മടിച്ച് നഗരപ്രദേശം
text_fieldsപാലക്കാട്: മതിമറന്നു പെയ്യേണ്ട മകയിരം ഞാറ്റുവേലയിൽ മഴ മറഞ്ഞുനിന്നപ്പോൾ തിരിമുറിയാത്ത തിരുവാതിരയിൽ പ്രതീക്ഷകളേറ്റി വീണ്ടും ഒരു മഴക്കാലം.
കഴിഞ്ഞ ദിവസം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്തമഴയാണ് പെയ്തത്. എന്നാൽ പാലക്കാട് നഗരത്തിൽ പെയ്യാൻ മടിച്ചു നിലക്കുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും നഗരപ്രാന്ത പ്രദേശങ്ങളിൽ മഴ നന്നേ കുറവാണ്. ജില്ലയുടെ ചിലഭാഗങ്ങളിൽ മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും നിലവിൽ ജില്ലയിൽ മഞ്ഞ മുന്നറിയിപ്പേ നിലനിൽക്കുന്നുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ തോത് നോക്കിയാൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മണ്ണാർക്കാടും കുറവ് പാലക്കാടുമാണ്.
മണ്ണാർക്കാട് 84.2 എം.എം മഴ ലഭിച്ചപ്പോൾ പാലക്കാട് (41.8) നേർ പകുതിപോലും ലഭിച്ചില്ല. മണ്ണാർക്കാട് കഴിഞ്ഞാൽ പിന്നീട് കൂടുതൽ മഴ ലഭിച്ചത് പറമ്പിക്കുളത്താണ് (81 എം.എം). ചിറ്റൂർ (50.5), കൊല്ലങ്കോട് (65.8), ആലത്തൂർ (47.5), ഒറ്റപ്പാലം (57), തൃത്താല (45), പട്ടാമ്പി (54.6) എന്ന രീതിയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ തെക്കൻ ജില്ലകൾക്കും വടക്കൻ ജില്ലകൾക്കും ശക്തമായ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും പാലക്കാടിന് കാര്യമായ മുന്നറിയിപ്പില്ല.
ജില്ലയിലെ ഡാമുകളിൽ നിലവിൽ സംഭരിച്ച വെള്ളത്തിന്റെ അളവ് പരിശോധിച്ചാൽ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്നുണ്ട് എന്നുതന്നെയാണ് മനസ്സിലാക്കാൻ സാധിക്കുക. ഇതിന്റെ ഭാഗമായാണ് മംഗലം ഡാം തുറക്കാനുള്ള മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നത്. എന്നിരുന്നാലും കേരളത്തിലെ ഇതുവരെയുള്ള മൊത്തം സ്ഥിതി വിവര കണക്ക് പരിശോധിച്ചാൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെ ജില്ല പാലക്കാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.