മൂച്ചിതോട്ടം തിരുണ്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നോക്കുകുത്തി
text_fieldsഒറ്റപ്പാലം: നിരവധി കർഷകർ ജലസേചനത്തിന് ആശ്രയിച്ചിരുന്ന മൂച്ചിതോട്ടം തിരുണ്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നോക്കുകുത്തി. അമ്പലപ്പാറ പഞ്ചായത്തിലെ വീച്ചിപ്പാടം, പുൽപ്പാറ തുടങ്ങിയ പാടശേഖരങ്ങളിലെ ഒന്നും രണ്ടും വിളകളെ ഉണക്കത്തിൽനിന്ന് സംരക്ഷിച്ച ജലസേചന പദ്ധതിക്കാണ് ഈ ഗതികേട്. ബ്ലോക്ക് പഞ്ചായത്ത് കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2002-03 വർഷത്തിലാണ് പദ്ധതി സ്ഥാപിതമായത്.
തുടർന്ന് രണ്ട് വർഷത്തിലേറെ വരൾച്ചയിൽനിന്ന് കർഷകരെ കരകയറ്റിയത് പദ്ധതിയാണ്. മോട്ടോർ തകരാറിലായതാണ് നിശ്ചലാവസ്ഥക്ക് ഇടയാക്കിയത്. കുടിശ്ശികയുടെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതോടെ നാശം പൂർണമായി. മോട്ടോർ തകരാർ പരിഹരിച്ചാലും വൈദ്യുതി കുടിശ്ശിക അടക്കാതെ പമ്പിങ് അസാധ്യമെന്ന കാരണം പറഞ്ഞ് ബന്ധപ്പെട്ടവർ പദ്ധതിയെ കൈയൊഴിഞ്ഞു. ഉണക്കു ഭീഷണി നേരിടാനാകാതെ പ്രദേശത്തെ ഭൂരിഭാഗം കർഷകരും നെൽകൃഷി തന്നെ ഉപേക്ഷിച്ചുതുടങ്ങി.
കൃഷി ചെലവ് കൂടിക്കൂടി വന്നതും നെല്ല് ഉൽപാദനത്തിലെ കമ്മിയും കാട്ടുപന്നി, മയിൽ തുടങ്ങിയവയുടെ ശല്യവും കൃഷിഭൂമി തരിശിടലിന് ആക്കം കൂട്ടി. തിരുണ്ടി തോട് മഴക്കാലത്ത് കരകവിയുന്നതും തോടിന് സമീപമുള്ള വയലുകളിലെ വളക്കൂറുള്ള മണ്ണ് കുത്തൊഴുക്കിൽ നഷ്ടപ്പെടുന്നതും കാരിവീട് പാടശേഖരങ്ങളിലെ കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. പഞ്ചായത്തിലെ തരിശ് പാടങ്ങൾ കർഷക കൂട്ടായ്മകൾ പാട്ടത്തിനെടുത്ത് കൃഷി സജീവമാകുന്ന കാലത്താണ് ഇവിടെ കർഷകർ പ്രതിസന്ധിയിൽ ഉഴലുന്നത്. അധികൃതരുടെ അവഗണനമൂലം ഒന്നര പതിറ്റാണ്ടായി പദ്ധതിയെ ആശ്രയിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.
എത്രയും വേഗം പദ്ധതി പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും സമർപ്പിച്ചതായി കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.