ജില്ല വനിത ശിശു ആശുപത്രി; ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരാതി
text_fieldsപാലക്കാട്: ജില്ല വനിത ശിശു ആശുപത്രിയിൽ ഹോസ്പിറ്റൽ വികസന സമിതിയുടെ കീഴിലുള്ള ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരാതി. 20 തൊഴിലാളികളാണ് ആശുപത്രിയിൽ ശുചീകരണ പ്രവൃത്തികൾ ചെയ്യുന്നത്. ഇവർക്ക് ഫെബ്രുവരിയിലെ ശമ്പളം ഇത്രയും ദിവസമായിട്ടും ലഭിച്ചിട്ടില്ലെന്നും ദൂരസ്ഥലങ്ങളിൽനിന്നും ജോലിക്കെത്തുന്ന തൊഴിലാളികൾ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുകയാണെന്നും ജനതാദൾ എസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റും ആശുപത്രി വികസന സമിതി അംഗവുമായ എ. രമേഷ് കുമാർ പറഞ്ഞു.
500 രൂപയാണ് ഇവരുടെ ദിവസവേതനം. ഒ.പി ടിക്കറ്റ്, പേവാർഡ് തുടങ്ങി ആശുപത്രിയിലെ വിവിധ സേവനങ്ങളിൽനിന്നും ലഭിക്കുന്ന തുകയാണ് ശമ്പളത്തിനായി വിനിയോഗിക്കുന്നത്. എന്നാൽ, ഫണ്ടില്ലാത്തതുകൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് ആശുപത്രി അധികൃതരുടെ മറുപടിയെന്ന് രമേഷ് കുമാർ പറയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കാറില്ലെന്ന് പറയുന്നു. കൃത്യമായ തീയതിയിൽ അല്ല ശമ്പളം നൽകുന്നത്. പലപ്പോഴും മാസം പകുതിയാകും. നിർധന കുടുംബങ്ങളിൽനിന്നും വരുന്ന തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. അഞ്ച് മുതൽ 15 വർഷംവരെയായി പണിയെടുക്കുന്നവരുണ്ട്. ഈ ജോലി മാത്രമാണ് ഇവരുടെ ആശ്രയം.
പേവാർഡ് അറ്റൻഡറുൾപ്പെടെ ആകെ 40 ജീവനക്കാരാണ് ആശുപത്രി വികസന സമിതിക്ക് കീഴിലുള്ളത്. ആർക്കും ശമ്പളം ലഭിച്ചിട്ടില്ല. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച ‘കായകൽപ്പ്’ അവാർഡ് നേടിയിട്ടുള്ള ആശുപത്രിയാണ് ജില്ല വനിത-ശിശു ആശുപത്രി. എന്നിട്ടും ഈ ശുചിത്വം സംരക്ഷിക്കുന്നവർക്ക് യഥാസമയം ശമ്പളം നൽകുന്നില്ലെന്നാണ് ആക്ഷേപം.
ജില്ല പഞ്ചായത്തിന് കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 18 വയസ്സ് വരെയുള്ളവർക്കായുള്ള ആശ്വാസകിരണം, ഗർഭിണികൾക്കായുള്ള ജെ.എസ്.വൈ (ജനനി സുരക്ഷ യോജന) തുടങ്ങി വിവിധ പദ്ധതികൾ മുഖേനയും എൻ.എച്ച്.എം വഴിയും ആശുപത്രിക്ക് ലഭിക്കാനുള്ള തുക ഇതുവരെ കിട്ടാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിവിധ പദ്ധതികളിലായി ഏഴ് കോടിയോളം രൂപ സംസ്ഥാന സർക്കാർ ആശുപത്രിക്ക് നൽകാനുണ്ട്. തൊഴിലാളികൾക്കുള്ള ശമ്പളം എത്രയും പെട്ടെന്ന് നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.