104ലും അധ്വാന സുഗന്ധവുമായി മുഹമ്മദ്ക്ക
text_fieldsപാലക്കാട്: ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത് സമൂഹിക ഉത്തരവാദിത്തവുമാണ്. ഇത്തരം ഉത്തരവാദിത്വങ്ങൾ നിലനിൽക്കുമ്പോഴും പരാശ്രിതനാകാതെ തന്റെ അന്നത്തിനുള്ള വഴി കണ്ടെത്തുകയാണ് പാലക്കാട് നൂറണി പുതുപ്പള്ളിത്തെരുവിലെ 104 കാരനായ പൂ മുഹമ്മദ്ക്ക. തലമുറകളായി മാറിമാറിവന്ന തന്റെ പൂക്കച്ചവടപ്പെരുമ ഇന്നും നിലനിർത്തുന്നതിൽ വ്യാപൃതനാണ് ഇദ്ദേഹം. പുത്തുപ്പള്ളിത്തെരുവ് ഉമ്മർസായ്വ് - പാത്തുമുത്ത് ദമ്പതികളുടെ മകനായ മുഹമ്മദ് 1928 കാലഘട്ടത്തിലാണ് സ്കൂൾ പഠനം ആരംഭിക്കുന്നത്.
അന്ന് നാലാംക്ലാസ് വിദ്യാഭ്യാസം നേടിയ പൂ മുഹമ്മദ്ക്ക ആദ്യ കാലങ്ങളിൽ അന്യദേശവാസം നടത്തിയ ശേഷമാണ് നാട്ടിൽ തിരിച്ചെത്തുന്നത്. 65 വർഷമായി പാലക്കാട് പുതുപ്പള്ളിത്തെരുവിൽ പൂക്കട നടത്തുകയാണ് ഇദ്ദേഹം.
നൂറണി ഗ്രാമത്തിലേക്കും കൊണ്ടുകുളം ഗ്രാമത്തിലേക്കുമുള്ള പൂജാ ആവശ്യങ്ങൾക്കുള്ള പൂക്കൾ വിതരണം ചെയ്തിരുന്നത് പൂ മുഹമ്മദ്ക്ക ആയിരുന്നു.
പാലക്കാട് സന്ദർശിച്ച നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ഹാരാർപ്പണം ചെയ്യാനുള്ള മാലയും നാട്ടിലെ പ്രമുഖനായിരുന്ന ടി.വി. പരമേശ്വരന്റെ നിർദേശപ്രകാരം ജയലളിതക്ക് ആലപ്പുഴയിൽ പോയി പൂമാല നൽകിയതും ഇന്നും ഒളിമങ്ങാത്ത ഓർമയായി മുഹമ്മദിന്റെ മനസ്സിലുണ്ട്.
കച്ചവടക്കാരുടെ ആധിക്യം കച്ചവടത്തിന് മങ്ങലേൽപ്പിച്ചെങ്കിലും ഇന്നും തന്റെ തൊഴിൽ നീതിപൂർവമായിതന്നെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട് ഇദ്ദേഹം. രാവിലെ ആറുമുതൽ വൈകീട്ട് ഏഴ് വരെ ദിനചര്യ കണക്കെ കടയിലെത്തുന്ന ഇദ്ദേഹം അന്നത്തിനുള്ള വക കണ്ടെത്തുന്നു. മൂന്ന് പെണ്ണും രണ്ട് ആണും മക്കളായുള്ള ഇദ്ദേഹം നാലു തലമുറയുടെ നാഥനാണ്.
തലമുറകളായി നേടിയ പൂക്കച്ചവട പാരമ്പര്യം മക്കളും പിന്തുടരുന്നു. 12 വർഷം മുമ്പ് ഭാര്യ ബീക്കുട്ടി മരിച്ച ശേഷം ഇദ്ദേഹം മക്കളുടെ കൂടെയാണ് താമസം. മകൾ ആയിഷാബി ടീച്ചർ പുതുപ്പള്ളിത്തെരുവ് ഭാഗത്തെ മുൻ കൗൺസിലർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.